
കൊല്ലം: മുന്‍ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ മൂന്നാം പ്രതിയായ അപ്പുണ്ണിയെ പിടിക്കാന്‍ അലഞ്ഞ കിളിമാനൂര്‍ പോലീസിന് ചെലവാക്കേണ്ടി വന്നത് ഒന്നരലക്ഷം രൂപ. ഒടുവില്‍ കുടുക്കിയതാകട്ടെ കേസില്‍ ഉള്‍പ്പെട്ട പ്രതികളെ എല്ലാവരേയും തന്നെ ബാംഗ്ളൂരില്‍ വെച്ച് ബാധിച്ച ചിക്കന്‍ പോക്സും. ചകിത്സ തേടി ആലപ്പുഴയില്‍ എത്തിയ അപ്പുണ്ണി നേരെ ചെന്നു ചാടിയത് പോലീസിന്റെ വലയിലേക്കായിരുന്നു.
കേസില്‍ നിര്‍ണ്ണായകമായി മാറിയിരിക്കുന്ന പ്രതികള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന അസാധാരണ തെളിവായിട്ടാണ് ചിക്കന്‍പോക്സ് മാറിയത്. കേസിലെ നാലു പേര്‍ക്കും ബംഗലുരുവില്‍ വെച്ച് ചിക്കന്‍പോക്സ് പിടിപെട്ടു. യാസീനാണ് ആദ്യം പകര്‍ച്ചവ്യാധി പിടിച്ചത്. പിന്നീട് സ്വാതി സന്തോഷ്, സാലിഹ് എന്നിവര്‍ക്കും ഒടുവില്‍ അപ്പുണ്ണിയ്ക്കും രോഗം പിടിപെട്ടു. ചിക്കന്‍ പോക്സിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയതായി മനസ്സിലാക്കിയ പോലീസ് അപ്പുണ്ണിയുടെ കാമുകിയുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
ബംഗലുരുവിലും തമിഴ്നാട്ടിലുമായി ഒളിവില്‍ കഴിഞ്ഞ് പോലീസിനെ വലച്ച അപ്പുണ്ണിക്ക് വേണ്ടി കിളിമാനൂര്‍ പോലീസിന് ചെലവഴിക്കേണ്ടി വന്നത് ഒന്നരലക്ഷം രൂപയായിരുന്നു. ചെന്നൈയില്‍ സഹോദരിയുടെ വീട്ടിലേക്ക് ഒളിവില്‍ പോയ അപ്പുണ്ണി വണ്ടി കടത്തിയ കേസെന്നായിരുന്നു അളിയനോട് പറഞ്ഞിരുന്നത്. പോണ്ടിച്ചേരി, വേളാങ്കണ്ണി, വിഴിപ്പുറം, മധുര, കോയമ്പത്തൂര്‍, ചെന്നൈ, രാമേശ്വരം എന്നിവിടങ്ങളില്‍ എല്ലാം അപ്പുണ്ണിയെ അന്വേഷിച്ച് പോലീസ് കറങ്ങി. രാമേശ്വരത്ത് അപ്പുണ്ണി മൂന്ന് ദിവസം വന്നു പോയി. ഇതിനിടയില്‍ മറീന ബീച്ചിലേയും ചെന്നൈയിലെയും എടിഎമ്മില്‍ നിന്നും പണം എടുക്കുയും നെറ്റ് ബാങ്കിംഗ് നടത്തുകയും ചെയ്തു.
അപ്പുണ്ണി തമിഴ്നാട്ടില്‍ സഹോദരിയുടെ വീട്ടിലുണ്ടെന്ന് അലിഭായിയില്‍ നിന്നും മനസ്സിലാക്കിയ പോലീസ് അവിടെ എത്തുന്നതിന് തൊട്ടുമുമ്പ് അപ്പുണ്ണി ഇവിടെ നിന്നും മുങ്ങിയിരുന്നു. രണ്ടു പേരും യാത്രാ ചെലവിനായി കാതില്‍ കിടന്ന കടുക്കന്‍ വിറ്റു. പിന്നീട് സത്താറിനെ ബന്ധപ്പെട്ട് യാത്രാ ചെലവിനായി പണം ആവശ്യപ്പെട്ടു. സത്താര്‍ 50,000 രൂപ അയച്ചു. പിന്നീട് 50,000 കൂടി നല്കി. ഇതിന് ശേഷമാണ് അപ്പുണ്ണി ഒറ്റയ്ക്ക് നാട്ടിലേക്ക് പോയത്.
ചെന്നൈയിലെയും മറീനാബീച്ച് പരിസരത്തെയും എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിച്ചതായി കണ്ടെത്തിയ പോലീസിന് അധികദൂരം ഈ രീതിയില്‍ സഞ്ചരിക്കാന്‍ കഴിഞ്ഞില്ല. ഇടപാടുകള്‍ നിലച്ചതോടെ അന്വേഷണം വഴിമുട്ടി. പോലീസ് തന്റെ മൊബൈല്‍ ട്രാക്ക് ചെയ്ത് എത്താതിരിക്കുന്നതിനായി ഒരിക്കല്‍ പോലും മൊബൈലില്‍ നിന്നും അപ്പുണ്ണി ആരേയും വിളിച്ചില്ല. പകരം ലാന്റ് ഫോണിലാക്കി ബന്ധപ്പെടല്‍.
ഓരോ സ്ഥലത്തുനിന്നും ഒരു തവണ കാമുകിയെ വിളിക്കും. പിന്നീട് മറ്റൊരു നഗരത്തില്‍. ഇങ്ങിനെ ഫോണ്‍വിളി ട്രാക്ക് ചെയ്തപ്പോഴും പോലീസിന് ഒരു എത്തുംപിടിയും നല്‍കാതെ 170 തവണയാണ് അപ്പുണ്ണി കാമുകിയെ വിളിച്ചത്. എന്നാല്‍ ഒടുവില്‍ കാമുകിയെ അറസ്റ്റ് ചെയ്ത പോലീസ് അവര്‍ വഴി നടത്തിയ നീക്കത്തിനൊടുവിലാണ് ആശുപത്രിയില്‍ നിന്നും അപ്പുണ്ണിയെ പൊക്കിയത്.






