
അമ്പലപ്പുഴ: മൂന്നാം തവണയും ഭാഗ്യദേവത തേടിയെത്തിയതിന്റെ സന്തോഷത്തിലാണു തകഴി സ്വദേശി മനോഹരനും കുടുംബവും. തകഴി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പടഹാരം ലക്ഷ്മി ഗോകുലത്തില്‍ റിട്ട. കെ.എസ്.ഇ.ബി ഓവര്‍സിയര്‍ മനോഹരനാണ് വെള്ളിയാഴ്ചത്തെ നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായത്. ഒരേ നമ്പരില്‍പ്പെട്ട 12 ടിക്കറ്റുകളില്‍ 11 എണ്ണമാണ് മനോഹരന് വാങ്ങിയത്.
ഇതില്‍ എന്‍.ആര് 212329 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്. ഒരു ടിക്കറ്റ് മനോഹരന് എത്തുന്നതിനു മുന്‍പ് മറ്റൊരാള്‍ വാങ്ങിയിരുന്നു. കെ.എസ്.ഇ.ബിയില്‍ ജോലിയിലിരിക്കെ സ്ഥിരമായി ലോട്ടറിയെടുക്കുന്ന ശീലം മനോഹരനുണ്ടായിരുന്നു.
ചെറിയ ഭാഗ്യങ്ങള്‍ പലപ്പോഴായി തേടിയെത്തിയിരുന്നെങ്കിലും 2016ലും 2017ലുമാണ് മുമ്പ് ഒന്നാം സമ്മാനങ്ങള്‍ ലഭിച്ചത്. 2016 ഓഗസ്റ്റില്‍ പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷവും 2017 നവംബറില്‍ നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷവുമാണ് ലഭിച്ചത്.
അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ശ്രീവത്സം ലോട്ടറി ഏജന്‍സിയില്‍ നിന്നെടുത്ത ടിക്കറ്റുകള്‍ക്കാണ് മൂന്നു തവണയും ഒന്നാം സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനത്തിനു പുറമേ സമാശ്വാസ സമ്മാനമായ 10,000 രൂപ വീതവും മനോഹരനെടുത്ത ബാക്കി പത്തു ടിക്കറ്റുകള്‍ക്ക് ലഭിക്കും.
ഒന്നാം സമ്മാനത്തിനു പുറമെ സമാശ്വാസ സമ്മാനങ്ങള്‍ എല്ലാം ആലപ്പുഴ ജില്ലയിലെ ഒരു ഏജന്‍സിയില്‍ നിന്നുള്ള ടിക്കറ്റിനാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ലഭിക്കുന്ന തുക മകന് സജിത്തിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കു പ്രയോജനപ്പെടുത്തുമെന്നു അറുപത്തിമൂന്നുകാരനായ മനോഹരന് പറഞ്ഞു. വനജയാണ് ഭാര്യ.






