
മുംബൈ : വിവാഹം കഴിക്കണം എന്ന ആവശ്യവുമായി 1993 ലെ മുംബൈ സ്ഫോടന പരമ്പരക്കേസിലെ കുറ്റവാളി അബു സലേം മുന്നോട്ടുവെച്ച പരോള്‍ അപേക്ഷ തള്ളി. വിവാഹം കഴിക്കാനായി 45 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ നവി മുംബൈ പോലീസ് കമ്മിഷണറാണ് തള്ളിയത്.
സ്ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട് തലോജ ജയിലിലാണ് അബു സലേം ഇപ്പോള്‍. ഇതിനിടെ, കൗസര്‍ ബാഹര്‍ എന്ന 27 കാരിയെ വിവാഹം കഴിക്കാനാണ് അബു സലേം പരോളിന് അപേക്ഷിച്ചത്. മേയ് അഞ്ചിന് വിവാഹ തീയതി നിശ്ചയിച്ചിരുന്നതായാണ് വിവരം. 48 കാരനായ അബു സലേമിന്റെ രണ്ടാം വിവാഹമാണ് ഇത്. കൗസര്‍ ബാഹറെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ടാഡ കോടതിയിലും അപേക്ഷ സമര്‍പ്പിച്ചിരുന്നു എങ്കിലും അതും തള്ളിപ്പോയിരുന്നു.
കാമുകിയായ മോണിക്ക ബേദിയ്ക്കൊപ്പം 2002 ലാണ് പോര്‍ച്ചുഗലില്‍ അബു സലേം അറസ്റ്റിലായത്. 2005 ല്‍ ഇയാളെ പോര്‍ച്ചുഗല്‍ ഇന്ത്യയ്ക്ക് കൈമാറി. കഴിഞ്ഞ വര്‍ഷം പ്രത്യേക ടാഡ കോടതി അബു സലേമിന് ജീവപര്യന്തം ശിക്ഷ വിധിച്ചു.
1993 മാര്‍ച്ച് 12 ന് മുംബൈയില്‍ വിവിധ ഇടങ്ങളില്‍ ഉണ്ടായ സ്ഫോടനങ്ങളില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 700 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലുള്‍പ്പെട്ട അധോലോക നേതാവ് യാക്കൂബ് മേമന്റെ വധശിക്ഷ 2015 ല്‍ നടപ്പാക്കിയിരുന്നു.






