ശ്രീനഗ: കത്വവ ബലാത്സംഗക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കത്വവ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മുഖ്യപ്രതി സഞ്ജി റാമിന്റെ സഹോദര പുത്രനാണ് ഇയാള്‍.
അതിനിടെ പ്രതികളുടെ അഭിഭാഷകനെതിരെ കോടതിയെ സമീപിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. പ്രതികള്‍ക്ക് അനുകൂലമായി അഭിഭാഷകന് വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുന്നത്. മുഖ്യപ്രതിയായ സഞ്ജി റാമിന്റെ മകനും കേസിലെ പ്രതിയുമായ വിശാല്‍ ശര്‍മ്മയ്ക്കെതിരെ മൊഴി കൊടുക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തിയെന്ന് സാക്ഷി പറയുന്ന സി.ഡിയാണ് അഭിഭാഷകന് പ്രചരിപ്പിച്ചത്.
സി.ഡിയിലെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നില്‍ അഭിഭാഷകനാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്‍പാകെ സാക്ഷി നല്കിയ മൊഴി എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ കോടതിക്ക് പുറത്ത് ചിത്രീകരിച്ചതാണ് വീഡിയോ എന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി.
ഇതേ കേസില്‍ അറസ്റ്റിലായ പോലീസുകാര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കി സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.






