
ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ പതിനൊന്നം സീസണില്‍ ആറ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. കഴിഞ്ഞ ദിവസം ടീം നായകന് ഗൗതം ഗംഭീര്‍ നായക സ്ഥാനം രാജിവെയ്ക്കുകയും ചെയ്തു. ഗംഭീര്‍ രാജിവെച്ചതോടെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതിനിടെ കൊല്‍ക്കത്തയ്ക്കെതിരായ ഇന്നത്തെ മത്സരത്തില്‍ നിന്നും ഗംഭീറിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇതോടെ സംഭവത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ താരം സഞ്ജീവ് മഞ്ജരേക്കര്‍ രംഗത്ത് എത്തി. തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗംഭീറിനെ ടീമിന്റെ നായക സ്ഥാനത്തുനിന്നും മാറ്റിയതാണ് മഞ്ജരേക്കറിനെ ചെടിപ്പിച്ചത്.
പ്രശ്നം ഗംഭീറിനല്ലെന്നും ടീമിന് മൊത്തമാണെന്നും താരം തുറന്നടിച്ചു. ഗംഭീറിനെ ടീമിലെടുത്തിരിക്കുന്നത് ബാറ്റ്സമാന് ആയിട്ടല്ലെന്നും നായകനായിട്ടാണെന്നും പറഞ്ഞ താരം ടീമിലെ ബാറ്റിങ് നിര പരാജയപ്പെട്ടതാണ് ഗംഭീറിന് സമ്മര്ദ്ദമുണ്ടാക്കിയതെന്നും പറഞ്ഞു.
ഗംഭീര്‍ നായക സ്ഥാനം ഒഴിഞ്ഞതോടെ ലീഗില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ശ്രേയസ് അയ്യരായിരിക്കും ഡല്‍ഹി നായകന്. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായും ശ്രേയസ് ഇനി ഡല്‍ഹിയെ നയിക്കുമെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഗംഭീര്‍ പറഞ്ഞു.






