
റോഹ്താക്ക്: ബലാത്സംഗക്കേസില്‍ അഴിക്കുള്ളിലായ ദേരാ സച്ചാ സൗദാ തലവന്‍ രാം റഹീമിന്റെ ആത്മീയ സാമ്രാജ്യത്തിലെ പുതിയ നക്ഷത്രം മാതാവ് നസീബ് കൗര്‍. റാംറഹീം ഉള്ളിലായതോടെ രാജമാതാവായി അവതരിപ്പിക്കപ്പെട്ട് നസീബ് വിശ്വാസ സമൂഹത്തിന് ഭക്തിപൂര്ണ്ണത നല്‍കുകയാണ്. ജയിലിലായതോടെ അനാഥമായി പോയ സാമ്രാജ്യം ഏറ്റെടുക്കാന്‍ നസീബ് കൗര്‍ രാജസ്ഥാന് ഗംഗാനഗര്‍ ജില്ലയിലെ ഗുര്‍സാര്‍ മോഡിയ ഗ്രാമത്തിലെ റാം റഹീമിന്റെ തറവാട്ടില്‍ നിന്നും ആഴ്ചയില്‍ ഒരിക്കല്‍ ദേരാ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ എത്തുന്നുണ്ട്.
ഞായറാഴ്ചയാണ് മിക്കവാറും ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത്. ദേരാ സച്ചാ സൗദാ വിശ്വാസികളെ ദര്‍ശിക്കുന്നതും മുമ്പ് സിര്‍സയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്ന ചടങ്ങായ 'നാം ചര്‍ച്ച'യ്ക്ക് നേതൃത്വം കൊടുക്കുന്നതും ഈ 70 കാരിയാണ്. മുമ്പുള്ളത്ര ആളില്ലെങ്കിലും ഗുര്‍മീതിന്റെ ചിത്രം സ്റ്റേജിലെ ഒരു ഉയര്‍ന്ന പ്രതിലത്തില്‍ വെച്ചാണ് പ്രാര്‍ത്ഥനകളും മറ്റും നടത്തുന്നത്. ലൗഡ് സ്പീക്കര്‍ വഴിയാണ് പ്രഭാഷണങ്ങള്‍. ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായതിന് പിന്നാലെ ഗുര്‍മീതിന്റെ റോഹ്താക്ക് സുനൈരാ ജയിലിലെ പതിവ് സന്ദര്‍ശകയായിരുന്നു നസീബ്.
ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ച 2017 ആഗസ്റ്റ് 25 കഴിഞ്ഞ് ഒരു മാസം പിന്നിടും മുമ്പായി തന്നെ അടുത്ത തലവന്‍ തന്റെ കൊച്ചുമകനായ ജസ്മീത് ഇന്സാനാണെന്ന് നസീബ് പ്രഖ്യാപിച്ചിരുന്നു. പരമ്പരാഗത വഴക്കത്തിന്റെ ഭാഗമായി 2007 ല്‍ തന്നെ ഇക്കാര്യം റാം റഹീം തന്നെ ചുമതലപ്പെടുത്തി എന്നായിരുന്നു നസീബ് ഇക്കാര്യത്തില്‍ കണ്ടെത്തിയ ന്യായീകരണം.
ഗുര്‍മീത് തന്റെ കാലത്ത് തന്നെ വിശ്വാസികളെ കൊണ്ട് 'രാജമാതാ' എന്നു വിളിപ്പിച്ചിരുന്ന നസീബാ കൗര്‍ ഉള്‍പ്പെടെ 45 അംഗ കോര്‍ കമ്മറ്റിയാണ് ദേരയെ ഇപ്പോള്‍ നയിക്കുന്നത്. നസീബും മറ്റു കുടുംബാംഗങ്ങളും വരുന്ന കമ്മറ്റിയിലെ ഏറ്റവും സ്വാധീനമുള്ള രണ്ടംഗങ്ങള്‍ ഗുര്‍മീതിനെ കുറ്റവാളിയായി കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന നിലയില്‍ പോലീസ് അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ ചെയര്‍പേഴ്സണ്‍ വിപാസനാ ഇന്‍സാനും വക്താവ് ഡോ: ആദിത്യ ഇന്‍സാനുമാണ്.
ഗുര്‍മീതിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഡോ: ആദിത്യ അപ്രത്യക്ഷമാകുകയായിരുന്നു. പഞ്ചകുല അക്രമത്തില്‍ പോലീസ് തെളിവോടെ റിപ്പോര്‍ട്ട് സമര്പ്പിച്ചിതിന് പിന്നാലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ആയിരുന്നു വിപാസനയും ഒളിവില്‍ പോയത്. ദേരാ തലസ്ഥാനത്ത് രണ്ടു ഭക്തകളെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ 20 വര്‍ഷത്തെ തടവാണ് പഞ്ചകുലയിലെ സിബിഐ കോടതി ശിക്ഷിച്ചത്.






