കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സി.പി.എം മുന്‍ നേതാവ് പി. ശശിയുടെ സഹോദരന് പി. സതീശന് അറസ്റ്റില്‍. കസബ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. സര്‍ക്കാര്‍ ജോലികളില്‍ ആശ്രിത നിയമനത്തിനായാണ് സതീശന് പലരില്‍ നിന്നായി പണം വാങ്ങിയത്. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ വെള്ളിയാഴ്ചയാണ് സതീശനെ കസബ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരനായിരിക്കേ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്ന് പി.സതീശന് രണ്ടര ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നാല്പതിനായിരം രൂപ ആദ്യം വാങ്ങി. പിന്നീട് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന പേരില്‍ രണ്ടു ലക്ഷം രൂപയും വാങ്ങി. ഈ തുകയ്ക്ക് ഈടായി ചെക്കും നല്കി. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സമീപിച്ചുവെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. സി.സ്റ്റെഡില്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കരാര്‍ ജീവനക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പരാതി. നാല്പതോളം പേരില്‍ നിന്ന് 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് പരാതി. കണ്ണൂരിലും കോഴിക്കോടും പി.സതീശന് തട്ടിപ്പ് നടത്തിയിട്ടുണ്ട്.
അതേസമയം, സഹോദരനുമായി 20 വര്‍ഷമായി ബന്ധമില്ലെന്നും കേസില്‍ ഇടപെടാനാവില്ലെന്നും പി.ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.






