കശ്മീര്‍: കത്വവയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് താന്‍ മുത്തച്ഛനെപ്പോലെ ആയിരുന്നുവെന്ന് മുഖ്യപ്രതി സഞ്ജി റാം. ഇരയ്ക്ക് നല്കുന്ന അതേ പരിഗണന താനടക്കമുള്ള പ്രതികള്‍ക്കും നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലാണ് സഞ്ജി റാം ഇക്കാര്യം പറഞ്ഞത്. താന്‍ നിരപരാധിയാണെന്നും കേസ് സി.ബി.ഐയ്ക്ക് വിട്ടാല്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാനാകുമെന്നും സഞ്ജി റാം പറഞ്ഞു.
കുട്ടിയെ ബന്ദിയാക്കി തടവില്‍ വച്ച് പീഡിപ്പിച്ച് കൊല്ലാന്‍ പദ്ധതി ആസൂത്രണം ചെയ്ത മുഖ്യപ്രതിയാണ് സഞ്ജി റാം. താനടക്കം എട്ട് പ്രതികളുടെ വിചാരണ ചണ്ഡീഗണ്ഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയേയും സഞ്ജി റാം എതിര്‍ത്തു. കേസില്‍ 221 സാക്ഷികളുണ്ട്. അവരെ കഠ്വയില് നിന്ന് 265 കിലോമീറ്റര്‍ അകലെയുള്ള ഛണ്ഡീഗഡിലേക്ക് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് സഞ്ജി റാമിന്റെ വാദം.
ബ്രാഹ്മണ ഭൂരിപക്ഷ പ്രദേശത്ത് നിന്ന് മുസ്ലീം നാടോടി കുടുംബങ്ങളെ ഓടിക്കുന്നതിന് വേണ്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. മുഖ്യപ്രതിയായിരുന്ന സഞ്ജി റാം സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ചയാളാണ്. ഇയാളുടെ മകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇക്കാരണത്താലാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്.






