
ചെന്നൈ: അഞ്ചുമാസം മുമ്പു പീഡനത്തിനിരയായ പതിനാലുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി.
ചെങ്കല്‍പേട്ടിലെ ശിശുക്ഷേമസമിതിയുടെ ഹര്‍ജി പരിഗണിക്കവേയാണു പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനും ഭ്രൂണം കേടാകാതെ സംരക്ഷിക്കാനും ജസ്റ്റിസ് ടി. രാജ ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയത്.
പെണ്‍കുട്ടി പീഡനത്തിനിരയായെന്ന പരാതിയുമായി മാതാപിതാക്കള്‍ കാഞ്ചീപുരം ജില്ലാ കലക്ടറെ സമീപിച്ചതോടെയാണു പ്രശ്നത്തില്‍ ശിശുക്ഷേമസമിതി ഇടപെട്ടത്. പെണ്‍കുട്ടിയെ ചെന്നൈയിലെ ക്രൈസ്റ്റ് ഫെയ്ത്ത് ശിശുഭവനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഗര്‍ഭം നിലനിര്‍ത്തുന്നതു സംബന്ധിച്ച വിദഗ്ധോപദേശം തേടി ശിശുഭവന് കഴിഞ്ഞ ഏപ്രില്‍ 12-നു ചെങ്കല്‍പേട്ട് മെഡിക്കല്‍ കോളജിനു കത്തയച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി 18 ആഴ്ച ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചു. പെണ്‍കുട്ടി കൗമാരത്തിലേക്കു കടക്കുന്നതേയുള്ളൂ എന്നതിനാല്‍ ഗര്‍ഭം അലസിപ്പിക്കുകയാണു നല്ലതെന്നു കുട്ടിക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്കി.
പെണ്‍കുട്ടിയുടെ ആരോഗ്യത്തിനും ജീവനും നല്ലതു ഗര്‍ഭം അലസിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി ശിശുഭവന് അധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചു. മെഡിക്കല്‍ കോളജ് അധികൃതരും കോടതിയെ ഇതേ നിലപാടറിയിച്ചു. ഡോക്ടര്‍മാരുടെ വിദഗ്ധാഭിപ്രായം മാനിച്ച് ഗര്‍ഭം അലസിപ്പിക്കണമെന്ന നിര്‍ദേശം പെണ്‍കുട്ടിയുടെ മാതാവും സമ്മതിച്ചതോടെയാണു മെഡിക്കല്‍ കോളജ് ഡീനിന് ഇതുസംബന്ധിച്ചു കോടതി ഉത്തരവു നല്‍കിയത്.






