കണ്ണൂര്‍: മാഹിയില്‍ വെട്ടിക്കൊന്ന സി.പി.എം പ്രവര്ത്തകന് ബാബുവിനെതിരെ സംഘപരിവാറിന്റെ വ്യാജപ്രചരണം. മുഖ്യമന്ത്രിക്കെതിരെ ബൈപാസ് വിഷയത്തില്‍ സംസാരിച്ചതിനാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രചരണം. അഞ്ച് മാസം മുന്‍പ് പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ ബാബു സംസാരിക്കുന്നതിന്റെ വീഡിയോ ഉപയോഗിച്ചാണ് വ്യാജപ്രചരണം.
അഞ്ച് മാസം മുന്‍പ് സാദ്ദിഖ് മഞ്ഞക്കല്‍ എന്നയാളുടെ അക്കൗണ്ട് വഴിയാണ് ബാബു പുതുച്ചേരി മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. ഈ വീഡിയോയാണ് കേരള മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചു എന്ന പേരില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പുതുച്ചേരി മുഖ്യമന്ത്രിയുടെ നഷ്ടപരിഹാര വിതരണ പരിപാടി മാഹി ബൈപാസ് ആക്ഷന്‍ കമ്മറ്റി ബഹിഷ്കരിച്ചു. രാഷ്ട്രീയ ഇടപെടലില്‍ പ്രതിഷേധിച്ച് കര്‍മ്മ സമിതി പ്രവര്‍ത്തകരോടൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ നിന്നും ഉറങ്ങിപ്പോയി-പ്രസ്തുത വീഡിയോയുടെ കുറിപ്പായി സാദിഖ് എഴുതിയിരിക്കുന്നത് ഇതാണ്.
വീഡിയോ ഇപ്പോഴും സാദിഖിന്റെ അക്കൗണ്ടില്‍ ലഭ്യമാണ്. ബാബുവിനെ ആദരിക്കുന്ന ചടങ്ങിന്റെ ചിത്രം ദുരുപയോഗം ചെയ്ത് ബി.ജെ.പിയുമായി വേദി പങ്കിട്ടതിന് സി.പി.എം കൊന്നുവെന്ന പ്രചരണവും നടക്കുന്നുണ്ട്. മികച്ച പൊതുപ്രവര്‍ത്തകനുള്ള പുരസ്കാരം ബാബുവിന് നല്കുന്ന ചടങ്ങിന്റെ ചിത്രമാണ് ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്. ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസാണ് പുരസ്കാരം നല്‍കിയത്.






