
തിരുവനന്തപുരം: ജെസ്നയുടെ തിരോധനത്തിലെ അന്വേഷണത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ ഇപ്പോള്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇതിന് പിന്നാലെയാണ് പോലീസിനെതിരെ വിമര്‍ശനവുമായി ഇപ്പോള്‍ വനിതാ കമ്മീഷന് അധ്യക്ഷയും രംഗത്തെത്തിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളിലും മറ്റും പോലീസ് മൃദു സമീപനമാണ് സ്വീകരിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപതികരമല്ലെന്ന് ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍ മുഖ്യമന്ത്രിക്ക് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ അന്വേഷണ സംഘത്തെ രൂപികരിച്ചിരിക്കുന്നതെന്നും ജോസഫൈന് പറഞ്ഞു.
എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കഴിഞ്ഞ മാര്‍ച്ച് 22-നാണ് കാണാതാകുന്നത്. ഐജിയുടെ നിര്‍ദ്ദേശത്തില്‍ ലോക്കല്‍ പോലീസ് രണ്ടാഴ്ച അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായില്ല. പിന്നീടു മറ്റൊരു സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല.
ജെസ്നയുടെ തിരോധാനത്തില്‍ അന്വേഷണം വഴിമുട്ടാന്‍ കാരണം പോലീസിന്റെ ഗുരുതര അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. പെണ്‍കുട്ടിയെ കാണാതായി മൂന്നാം നാള് മാത്രം അന്വേഷണം ആരംഭിച്ച പോലീസ് കുടുംബാംഗങ്ങള്‍ കൈമാറിയ നിര്‍ണായക വിവരങ്ങള്‍ പോലും അവഗണിച്ചെന്നും അവര്‍ പറഞ്ഞു.






