
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തതു സി.പി.എമ്മിന്റെ മുഖം രക്ഷിക്കാന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും കേസില്‍ സി.പി.എം. നേതാക്കള്‍ ഇടപെട്ടെന്ന ആരോപണത്തില്‍നിന്നു കൈകഴുകാനുമാണ് എസ്.പിക്കെതിരേ നടപടിക്കു സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
കേസില്‍ സി.ബി.ഐ. അന്വേഷണമുണ്ടായാല്‍ ചില സി.പി.എം. നേതാക്കള്‍ കുടുങ്ങുമെന്നതും പാര്‍ട്ടി നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. എസ്.പി. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുത്തതിലൂടെ, അന്വേഷണം നേര്വഴിക്കാണെന്നു ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു സര്‍ക്കാര്‍ കരുതുന്നു. വരാപ്പുഴ കസ്റ്റഡി മരണം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും തിടുക്കത്തിലുള്ള നടപടികള്‍ക്കു കാരണമായി. കേസില്‍ ഇതുവരെ എസ്.പി, സി.ഐ, എസ്.ഐ. എന്നിവരടക്കം ഒമ്പതു പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടു നല്കിയ ഹര്‍ജി 22-നു ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തേ കേസ് പരിഗണിച്ചപ്പോള്‍, പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതിലെ അനൗചിത്യം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. 22-നു കേസ് പരിഗണിക്കുമ്പോള്‍, എസ്.പി. അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്തകാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
ശ്രീജിത്തിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് എസ്.പി: എ.വി. ജോര്‍ജിനെ സി.പി.എം. പ്രാദേശിക, ജില്ലാനേതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടതായി വ്യക്തമായി. ഭരണമുന്നണിയിലെ ജില്ലാനേതാവ് നിരന്തരം എസ്.പിയെ വിളിച്ചിരുന്നെന്നു തെളിഞ്ഞു. ഇക്കാര്യങ്ങള്‍ പ്രത്യേകാന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
എസ്.പിക്കു തെളിവ് നശിപ്പിക്കാന്‍ അവസരം നല്കി: ചെന്നിത്തല
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എറണാകുളം മുന്‍ റൂറല്‍ എസ്.പി: എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തത് തെളിവു നശിപ്പിക്കാന്‍ അവസരം നല്കിയശേഷമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അന്വേഷണം സി.പി.എമ്മില്‍ എത്തുമെന്നതിനാലാണു സി.ബി.ഐ വേണ്ടെന്നു സര്‍ക്കാര്‍ പറയുന്നത്. എസ്.പിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.






