
മുംബൈ: ഇന്ത്യന്‍ പ്രീമീയര്‍ ലീഗില്‍ പ്ളേ ഓഫില്‍ കടക്കാതെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തോറ്റു. നേരത്തേ തന്നെ പുറത്തായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പോയ പോക്കില്‍ മുംബൈ ഇന്ത്യന്‍സിന്റെയും പുറത്തേക്ക് കൊണ്ടുപോയി. പ്ളേ ഓഫിന് മുംബൈ ഇന്ത്യന്‍സിന് വിജയം ഏറെ അനിവാര്യമായ മത്സരത്തില്‍ അവര്‍ 11 റണ്‍സിന് തോറ്റു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മുന്നോട്ടു വെച്ച 174 റണ്‍സ് വിജയലക്ഷം മറികടക്കാന്‍ കഴിയാതെ മുംബൈ ഇന്ത്യന്‍സ് 163 റണ്‍സില്‍ മുട്ടു കുത്തി. അര്‍ദ്ധശതകം നേടിയ ഋഷഭ് പന്തിന്റെയും വിജയ് ശങ്കറിന്റെയും ബാറ്റിംഗ് കരുത്തിലാണ് ഡല്‍ഹി മുന്നേറിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹിക്കായി ഋഷഭ്പന്ത് 44 ബോളില്‍ 64 റണ്‍സ് എടുത്തു. നാലു സിക്സറുകളും നാലു ബൗണ്ടറികളും പറത്തി. വിജയ് ശങ്കര്‍ പുറത്താകാതെ നാലു ബൗണ്ടറികളും രണ്ടു സിക്സറുകളുമായി 30 പന്തില്‍ 43 റണ്‍സും എടുത്തു.
ഡല്‍ഹി ഉയര്‍ത്തിയ 174 നെ പിന്തുടര്‍ന്ന മുംബൈയ്ക്ക് എവിന്‍ ലൂയിസും വാലറ്റത്ത് ബെന്‍ കട്ടിംഗും മികച്ച രീതിയില്‍ ബാറ്റ് ചെയ്തെങ്കിലും ടീമിലെ തകര്പ്പനടിക്കാരെല്ലാം സമ്മര്‍ദ്ദത്തില്‍ പെട്ടു പോയത് തിരിച്ചടിയായി. മൂന്ന് ബൗണ്ടറികളും നാലു സിക്സറുകളുമായി 31 പന്തില്‍ 48 റണ്‍സാണ് ലൂയിസ് എടുത്തത്. മൂന്ന് സിക്സറുകളും രണ്ടു ബൗണ്ടറികളും നേടിയ ബെന്‍ കട്ടിംഗ് 20 പന്തില്‍ 37 റണ്‍സും എടുത്തു. നായകന് രോഹിത് ശര്‍മ്മ (11 പന്തില്‍ 13) യും കീറന്‍ പൊള്ളോര്‍ഡും (ഏഴു പന്തില്‍ ഏഴ്) പുറത്തായത് തിരിച്ചടിയായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍, സന്ദീപ് ലാമിച്ചനേ എന്നിവരുടെ തകര്‍പ്പന്‍ ബൗളിംഗായിരുന്നു ഡല്‍ഹിക്ക് കരുത്തായത്. വേണ്ട ഇടവേളകളിലെല്ലാം വിക്കറ്റുകള്‍ വീഴ്ത്താന്‍ ഡല്‍ഹി ബൗളര്‍മാര്‍ക്കായി. ഓപ്പണര്‍ സൂര്യകുമാര്‍ യാദവ് നാലു പന്തില്‍ 12 റണ്‍സ് നേടി പുറത്തായി. ഇഷാന് കിഷന് അഞ്ചിനും പുറത്തായപ്പോള്‍ കുനാല്‍ പാണ്ഡ്യ (നാല്), ഹര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 27) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോറുകള്‍.
തകര്‍ച്ചയോടെയാണ് ഡല്‍ഹി തുടങ്ങിയത്. ഓപ്പണര്‍ പൃഥ്വി ഷാ (8 പന്തില്‍ 12), ഗ്ളെന്‍ മാക്സ്വെല് (18 പന്തില്‍ 22), ശ്രേയസ് അയ്യര്‍ (10 പന്തില്‍ ആറ്) എന്നിവരെ വേഗത്തില്‍ നഷ്ടമായി. പൃഥ്വി ഷായെ ഹര്‍ദിപ് പാണ്ഡ്യ റണ്ണൗട്ട് ആക്കിയപ്പോള്‍ മാക്സ്വെല്ലിനെ ജസ്പ്രീത് ബുമ്ര ക്ളീന്‍ ബൗള്‍ ചെയ്തു. നായകന് ശ്രേയസ് അയ്യനെ മായങ്ക് മാര്‍ക്കണ്ഡേയുടെ പന്തില്‍ കുനാല്‍ പാണ്ഡേ പിടിച്ചു. പിന്നീടാണ് ഋഷഭ് പന്ത്-വിജയ് ശങ്കര്‍ നിര്‍ണ്ണായക കൂട്ടുകെട്ട് വന്നത്. കുനാല്‍ പാണ്ഡ്യയുടെ പന്തില്‍ കീറന്‍ പൊള്ളോര്ഡിന്റെ കയ്യിലാണ് പന്തിന്റെ പോരാട്ടം അവസാനിച്ചത്. വിജയ് ശങ്കറിന് കൂട്ടായി എത്തിയ അഭിഷേക് ശര്‍മ്മ 10 പന്തില്‍ 15 റണ്‍സ് എടുത്തു. ഇതോടെ മുംബൈ ഇന്ത്യന്‍സ് പ്ളേ ഓഫ് കാണാതെ പുറത്തായി.






