
വീട്ടുകാര്‍ ചതിച്ചു വിവാഹം കഴിച്ചു വിടുകയും മണിയറയുടെ ചൂടാറും മുമ്പ് തന്നെ ബലാത്സംഗം ചെയ്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്ത 19 കാരിക്ക് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ സ്ത്രീ വിമോചകരുടെ മുറവിളി ശക്തമാകുന്നു. സുഡാനി വനിത നൗറാ ഹുസൈനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷ ലഭിച്ചത്. കഴിഞ്ഞയാഴ്ച നടന്ന സംഭവം കൊലപാതകത്തിന് പകരം സുഡാനിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും വലിയ ചര്‍ച്ച ഉയര്‍ത്തി വിട്ടിട്ടുണ്ട്.
പിതാവ് നൗറയെ നിര്‍ബ്ബന്ധിച്ചു വിവാഹം കഴിച്ചു വിടുകയായിരുന്നു. വെറും 16 വയസ്സ് പ്രായമുള്ളപ്പോഴാണ് നൗറയെ പിതാവ് ഒരു ബന്ധുവിനെ കൊണ്ടു വിവാഹം കഴിപ്പിച്ചത്. എന്നാല്‍ നൗറ ഭര്‍ത്താവിന് വഴങ്ങാന്‍ കൂട്ടാക്കാതെ മൂന്ന് വര്‍ഷമായി അഭയാര്‍ത്ഥി ക്യാമ്പില്‍ ആയിരുന്നു. എന്നാല്‍ വിവാഹം റദ്ദാക്കിയെന്ന് പിതാവ് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന ഏപ്രില്‍ മാസം സുഡാന് തലസ്ഥാനമായ ഖര്ട്ടോമിലെ തന്റെ വീട്ടിലേക്ക് നൗറ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ തന്നെ കബളിപ്പിച്ച് വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നെന്ന് നൗറ പിന്നീടാണ് അറിഞ്ഞത്.
വിവാഹം നടത്തിയെടുക്കാന്‍ കഴിഞ്ഞെങ്കിലും ഭര്‍ത്താവിന് വഴങ്ങിക്കൊടുക്കാന്‍ അവള് കൂട്ടാക്കിയില്ല. ആറു ദിവസത്തോളം ഭര്‍ത്താവിന് കീഴടങ്ങാതെ നിന്ന നൗറയെ ഏഴാം ദിവസം ഭര്‍ത്താവ് ബന്ധുക്കളായ ചില പുരുഷന്മാരുടെ സഹായത്തോടെ ബലാത്സംഗം ചെയ്തു. ഭര്‍ത്താവിന് ബലാത്സംഗം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ബന്ധുക്കളായ പുരുഷന്മാര് നൗറയെ ബലമായി പിടിച്ചു കൊടുക്കുകയായിരുന്നു. പിറ്റേന്നും ഭര്‍ത്താവ് തലേദിവസത്തെപ്പോലെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ നൗറ വഴങ്ങാതെ പിടിച്ചുനിന്നെങ്കിലൂം രക്ഷയില്ലാതായതോടെ കയ്യില്‍ കിട്ടിയ കത്തി കൊണ്ടു ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയായിരുന്നു.
തുടര്‍ന്ന് ഷരിയാ കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഇസ്ളാമിക നിയമം അനുസരിച്ച് നൗറ കുറ്റക്കാരിയാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്നും വിലയിരുത്തിയ കോടതി വ്യാഴാഴ്ച തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഷരിയ നിയമം അനുസരിച്ച് ഇരയുടെ കുടുംബത്തിന് പ്രതിക്കെതിരേ നഷ്ടപരിഹാരമോ നിരുപാധിക മാപ്പോ മരണമോ ആവശ്യപ്പെടാമെന്നിരിക്കെ കുടുംബം തെരഞ്ഞെടുത്തത് വധശിക്ഷയായിരുന്നു. തുടര്‍ന്ന് കോടതി വധശിക്ഷ വിധിച്ചു.
കോടതിവിധിക്കെതിരേ നൗറയുടെ അഭിഭാഷകന് അപ്പീലിന് പോയി. സംഭവം ലോക ശ്രദ്ധ ആര്‍ജ്ജിച്ചതോടെ വിഷയം സുഡാനിലെ സ്ത്രീ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാദമായി മാറിയിരിക്കുകയാണ്. ആഫ്രിക്കന്‍ യൂണിയന്, യുഎന്‍, യൂറോപ്യന്‍ യൂണിയന് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ക്ക് പുറമേ അനേകം ലോക വനിതാ സംഘടനകളും നൗറയ്ക്ക് പിന്തുണ ഉയര്‍ത്തിയിട്ടുള്ളത് സുഡാന് കനത്ത സമ്മര്‍ദ്ദമായി മാറിയിരിക്കുകയാണ്. ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, രാഷ്ട്രീയ പങ്കാളിത്തം, തൊഴിലവസരം തുടങ്ങിയ കാര്യങ്ങളിലെ സ്ത്രീ പുരുഷ സമത്വം പരിശോധിച്ചാല്‍ 188 രാജ്യങ്ങളില്‍ 165 ആണ് സുഡാന്റെ സ്ഥാനം.
സാധാരണഗതിയില്‍ പെണ്‍കുട്ടികള്‍ക്ക് മാസമുറ വന്നാലുടന്‍ വിവാഹം കഴിച്ചുവിടാന്‍ സുഡാനീസ് നിയമം അനുശാസിക്കുന്നുണ്ട്. ഒരു ജഡ്ജിയുടെ അനുമതി ഉണ്ടെങ്കില്‍ പത്തു വയസ്സുള്ള കുട്ടിയെ രക്ഷിതാവിന് പോലും വിവാഹം കഴിക്കാമെന്നാണ് നിയമം. ശിശുവിവാഹം, ബലാത്സംഗം എന്നിവ പതിവായ ആഫ്രിക്കന്‍ മുസ്ളീം രാജ്യങ്ങളില്‍ അവയൊന്നും കുറ്റകൃത്യമായി പരിഗണിക്കാറില്ലെന്നാണ് യുഎന്നിന്റെ ആരോപണം. യുഎന്‍ വനിതാ സംഘടന പറയുന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള ഏതു തരം അക്രമങ്ങളും പ്രതിരോധിക്കപ്പെടേണ്ടതാണെന്നാണ്. കണക്കുകള്‍ പ്രകാരം മൂന്നിലൊന്നു സുഡാനി പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് തന്നെ ബലാത്സംഗത്തിനിരയാകാറുണ്ട്.
നൗറയെ ക്രിമിനലായിട്ടല്ല കാണേണ്ടതെന്നും ഇരയായിട്ടാണ് കണക്കാക്കേണ്ടതെന്നുമാണ് ആഗോള സ്ത്രീ വിമോചന പ്രവര്‍ത്തകരുടെ വാദം. നൗറയുടെ കുറ്റകൃത്യം സ്വയരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും എന്നാല്‍ അന്താരാഷ്ട്ര നിയമപ്രകാരം നോക്കുമ്പോള്‍ സുഡാനി ഭരണഘടനയ്ക്ക് കീഴിലുള്ള അവളുടെ വധശിക്ഷ മനുഷ്യാവകാശത്തെ ഹനിക്കലാണെന്നും ഇവര്‍ പറയുന്നു. യുഎന്നിന്റെ വനിതാ ഏജന്‍സി 'നൗറയ്ക്ക് നീതി'' എന്ന പേരില്‍ ഒരു പ്രചരണം തുടങ്ങിയിട്ടുണ്ട്.






