
ഹൈദരാബാദ്: മാനുഷ്യ മൂല്യങ്ങള്‍ക്കും സഹായവായ്പിനും സ്നേഹത്തിനും ഭാഷ ഒരു തടസ്സമേയല്ലെന്ന് വീണ്ടും തെളിഞ്ഞു. ഇംഗ്ളീഷോ ഹിന്ദിയോ അറിയാത്ത ഉസ്ബക്കിസ്ഥാന് കാരിയ്ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി. ഡോക്ടര്‍ക്കും രോഗിക്കും പരസ്പരം ഭാഷ തീരെ വശമില്ലാതിരുന്ന കേസില്‍ പരിഭാഷകന്റെ വേഷത്തില്‍ നിന്നത് ഗൂഗിള്‍ ട്രാന്സ്ലേറ്റര് ആയിരുന്നു. ഉസ്ബെക്കിസ്ഥാനില്‍ നിന്നുള്ള 57 കാരി ഗാവ്ഖര്ജോണ് ഖഫിസോവ യ്ക്ക് ഹൈദരാബാദിലെ ഉദയ് ഓംനി ഹോസ്പിറ്റലാണ് ചികിത്സ നടത്തിയത്.
ഹൈദരാബാദില്‍ ഈ മാസം ആദ്യമാണ് വിദേശി രോഗിയുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന സംഭവം നടന്നത്. സാങ്കേതിക വിദ്യയ്ക്കൊപ്പം സമര്‍പ്പണ മനോഭാവമുള്ള ഏതാനും ഡോക്ടര്‍മാര്‍ കൂടി ചേര്‍ന്നപ്പോള്‍ ലോകചരിത്രത്തില്‍ തന്നെ ഗൂഗിള്‍ ട്രാന്സ്ലേറ്റര് വഴി ചികിത്സ നടക്കുന്ന അപൂര്‍വ്വ കേസായി ഇത് മാറി. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ഖഫിസോവ ഹൈദരാബാദിലെ ഓംനി ഹോസ്പിറ്റല്‍ ഫോര്‍ അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്സില്‍ എത്തിയത്. എന്നാല്‍ ഖഫിസോവയില് കരള്പ്രശ്നം, ശ്വാസതടസ്സം, താഴ്ന്ന രീതിയിലുള്ള പ്ളാറ്റലേറ്റ് കൗണ്ട് എന്നിവയ്ക്കൊപ്പമായിരുന്നു മുട്ടിന്റെ പ്രശ്നവും.
രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയത്തില്‍ കാര്യം ബോദ്ധ്യപ്പെടാന്‍ പത്തു ദിവസങ്ങളോളം വേണ്ടി വന്നു. ഇംഗ്ളീഷ് പോലുമറിയാത്ത ഖഫിസോവയ്ക്കും ഡോക്ടര്‍ക്കുമിടയില്‍ തുണയായത് ഗൂഗിള്‍ പരിഭാഷാ സൗകര്യമായിരുന്നു. യാതൊരു മെഡിക്കല്‍ റെക്കോഡുമില്ലാതെ വന്ന രോഗി ഒരു പേപ്പറുമായിട്ടാണ് തങ്ങളെ സമീപിച്ചത്. അത് ഗൂഗിള്‍ ട്രാന്സ്ലേറ്ററില് ഇട്ടു നോക്കിയപ്പോള്‍ സര്‍ജറി വേണമെന്നാണെന്ന് മനസ്സിലായി. പിന്നീട് നടത്തിയ പരിശോധനയിലാണ് പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടെത്തിയത്. രോഗിയുടെ കുടുംബത്തെ വിവരം അറിയിക്കുന്നതിന് ഭാഷ തടസ്സമായി. തുടര്‍ന്നാണ് ഗൂഗിള്‍ ട്രാന്സ്ലേറ്റര് ടൂളില്‍ അഭയം തേടിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പല വിധ പരിശോധനകളിലൂടെയാണ് മെഡിക്കല്‍ ഹിസ്റ്ററി തയ്യാറാക്കിയത്. പരിശോധനകളും അനുഭവപരിചയവും പ്രശ്നം പരിഹരിക്കാന്‍ തുണച്ചു. നഗരത്തിലെ മറ്റു ആശുപത്രികളിലെ വിദഗ്ദ്ധരുടെ കൂടി സഹായംതേടി. കാല്മുട്ടുമാറ്റ ശസ്ത്രക്രിയയ്ക്കായി ആദ്യം ശാരീരിക പ്രശ്നങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യാക്കാരില്‍ അധികം കാണാത്ത തരം കരള്‍ പ്രശ്നങ്ങള്‍ കണ്ടെന്നും ആശുപത്രി പറഞ്ഞു. മറ്റൊരു വെല്ലുവിളി സാമ്പത്തികമായിരുന്നു. ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തന്റെ കാറും വസ്തുവും വിറ്റു. ഇപ്പോള്‍ ആശുപത്രിയുടെ അതിഥിയായി കഴിയുന്ന ഖഫിസോവയുടെ ഒരു കാല്‍മുട്ട് മാറ്റിവെച്ചു. മറ്റേത് പകുതി ചികിത്സയായി.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ






