
സംസ്ഥാനത്ത് വ്യാപകമായ നികുതിവെട്ടിപ്പ് തടയാൻ പ്രത്യേക ടാക്സ് ഡ്രൈവ് നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങൾക്ക് അധിക നികുതിഭാരം സൃഷ്ടിക്കാതെയും ജിഎസ്ടി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കിയും നികുതി വരുമാനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിയമാനുസൃതമായി നികുതി അടയ്ക്കുന്നവർക്ക് എല്ലാ സംരക്ഷണവും ഉറപ്പുനൽകുമെന്നും നികുതിവെട്ടിപ്പുകാരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഒരു നടപടിയും സർക്കാർ സ്വീകരിക്കില്ലെന്നും ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ മൂന്നുമാസത്തിനകം നടപ്പാക്കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തീരുമാനത്തിൽ പിഴവ് സംഭവിച്ചതായി ബോധ്യപ്പെട്ടാൽ അത് തിരുത്താൻ മടിക്കില്ലെന്നും അതിനെ യൂടേൺ എന്നോ മറ്റെന്ത് പേരിലോ വിശേഷിപ്പിച്ചാലും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ നിർണായക നടപടികൾ അനിവാര്യമാണെന്നും അല്ലാത്തപക്ഷം ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനവും സാമ്പത്തിക സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പാണ് ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്നും സംസ്ഥാനത്ത് നിലവിൽ 40 മുതൽ 50 ലക്ഷം വരെ ആളുകൾ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.






