
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ 35 മുതൽ 60 വയസ്സ് വരെയുള്ള 30 ലക്ഷത്തിലധികം സ്ത്രീകൾക്കായി നടപ്പാക്കിയ മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ ധനസഹായ പദ്ധതി യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അട്ടിമറിക്കപ്പെടുകയാണെന്ന സംശയം പ്രകടിപ്പിച്ച് മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന പരാമർശങ്ങൾ അടിസ്ഥാനരഹിതവും ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ സുരക്ഷാ പദ്ധതികളിലൊന്ന് തകർക്കാനുള്ള ശ്രമമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്നതിനൊപ്പം നിലവിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങളും അവസാനിപ്പിക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും ബാലഗോപാൽ പറഞ്ഞു.
35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയിൽ ഇതുവരെ ഏകദേശം 20 ലക്ഷം സ്ത്രീകൾ അംഗങ്ങളായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ നടത്തിപ്പിനായി എൽഡിഎഫ് സർക്കാർ അവതരിപ്പിച്ച അവസാന ബജറ്റിൽ 3,720 കോടി രൂപ വകയിരുത്തിയിരുന്നുവെന്നും, ഇത് കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിക്കായി ചെലവഴിക്കുന്ന 600 കോടിയുടെ ആറിരട്ടിയിലധികം തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിൽ അംഗത്വം നൽകുന്നതിനായി സർക്കാർ വ്യക്തമായ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും, അതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണ് ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.






