
വേനല്ക്കാലത്തെ ചൂടും പൊടിയും ചര്മ്മത്തിന് ഏറെ ദോഷം ചെയ്യും. ചൂടുകാലത്തെ സൗന്ദര്യപ്രശ്നങ്ങള്ക്ക് പരിഹാരമായി പലരും ബ്യൂട്ടിപാര്ലറുകളില് സ്പാ ചെയ്യാറാണ് പതിവ്.
എന്നാല് ബ്യൂട്ടിപാര്ലറില് പോകാതെ വീട്ടില് തന്നെ ചെയ്യാവുന്ന ചില സ്പാകളുണ്ട്. വീട്ടില് ലഭ്യമായ നിത്യോപയോഗസാധനങ്ങള് ഉപയോഗിച്ച് സ്വയം സ്പാ ചെയ്യാവുന്നതേയുള്ളൂ. അതിനായി അല്പ്പസമയം മാറ്റി വച്ചാല് മാത്രം മതി.

-----CURD BODY SPA
ചെറുചൂട് വെള്ളത്തില് ശരീരം നന്നായി കഴുകുക. രണ്ടു കപ്പ് തൈരില് ഒരു സ്പൂണ് കല്ലുപ്പും ഒരു നുള്ള് മഞ്ഞള്പ്പൊടിയും രണ്ടു സ്പൂണ് നാരങ്ങാ നീരും ചേര്ത്ത് നന്നായിളക്കി യോജിപ്പിക്കുക. ശേഷം ഇത് ശരീരത്തില് മുഴുവന് (അലര്ജി വരുന്ന ഭാഗങ്ങള് ഒഴിവാക്കി) തേച്ച് പിടിപ്പിക്കുക. ശരീരം മുഴുവന് മസാജ് ചെയ്യണം. അഞ്ച് മിനിറ്റിന് ശേഷം ടവ്വല് നനച്ച്, ശരീരത്തില് പുരട്ടിയിരിക്കുന്നത് പൂര്ണ്ണമായും തുടച്ച് കളയുക. പിന്നീട് സ്ക്രബര് പുരട്ടി, പഞ്ചസാര പൊടിച്ചതും പാലും ചേര്ത്ത് വീണ്ടും നന്നായി മസാജ് ചെയ്യുക. പതിനഞ്ച് മിനിറ്റിന് ശേഷം ചൂടുവെള്ളത്തില് ശരീരം കഴുകി മോയിസ്ചറൈസിംഗ് ക്രീം പുരട്ടാവുന്നതാണ്.

-----AVOCADO BODY SPA
നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം നന്നായി തുടയ്ക്കുക. ശേഷം രണ്ട് കപ്പ് അവക്കാഡോ ജെല്ലിനൊപ്പം ഒരു കപ്പ് കട്ടത്തൈരും ചേര്ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ശരീരത്തില് പുരട്ടാം. 20 മിനിറ്റിന് ശേഷം ടവ്വല് ഉപയോഗിച്ച് ശരീരത്തില് പുരട്ടിയതു മുഴുവന് തുടച്ചു മാറ്റുക. പിന്നീട് രണ്ട് കപ്പ് സൂചി ഗോതമ്പ് പൊടിയില് ആവശ്യത്തിന് പാല് ചേര്ത്ത് കുഴമ്പു രൂപത്തിലാക്കുക. ഇത് ശരീരത്തില് പുരട്ടാനുള്ള സ്ക്രബറായി ഉപയോഗിക്കാം. ഈ ബോഡി സ്പാ ചര്മ്മത്തിന് തിളക്കം വര്ദ്ധിപ്പിച്ച് മൃദുലമാക്കും. പിന്നീട് സ്ക്രബര് ഉപയോഗിച്ച് ശരീരത്തില് പുരട്ടിയത് കളഞ്ഞതിന് ശേഷം നിത്യവും ഉപയോഗിക്കുന്ന ഏതെങ്കിലും കോള്ഡ് ക്രീം പുരട്ടാവുന്നതാണ്.

-----ALMOND BODY SPA
ആല്മണ്ട് സ്പാ ചെയ്യുന്നതിന് മുന്നോടിയായി ടവ്വല് നനച്ച് ശരീരം നന്നായി തുടയ്ക്കുക. ശേഷം ബദാം, പാലില് കുതിര്ത്ത് അരച്ചെടുത്ത് ശരീരത്തില് നന്നായി മസാജ് ചെയ്യുക. പിന്നീട് ശരീരത്തില് പുരട്ടിയിരിക്കുന്നത് ഒരു കോട്ടണ് തുണി ഉപയോഗിച്ച് തുടച്ചുമാറ്റുക. ശേഷം ജമന്തിപ്പൂവിത്ത് റോസ് വാട്ടറില് അരച്ച് നന്നായി ശരീരം മുഴുവന് സ്ക്രബ് ചെയ്യുക. ചുളുങ്ങിയ ചര്മ്മമുള്ളവര്ക്ക് ഈ പായ്ക്ക് വളരെ നല്ലതാണ്. സ്ക്രബ് ചെയ്തതിന് ശേഷം മുള്ട്ടാണി മിള്ട്ടി, റോസ് വാട്ടര്, ചന്ദനം, രക്തചന്ദനം, ടാല്ക്കം പൗഡര്, കസ്തൂരി മഞ്ഞള്. എന്നിവ ആവശ്യാനുസരണം യോജിപ്പിച്ചെടുത്ത് ശരീരം മുഴുവന് പുരട്ടുക. അരമണിക്കൂറിന് ശേഷം ഒരു ടവ്വല് പാലില് മുക്കിയെടുത്ത് ശരീരം മുഴുവന് തുടയ്ക്കുക. പിന്നീട് ശരീരം നന്നായി തേച്ച് കുളിക്കാം.

-----NJAVARA BODY SPA
ഈ ബോഡി സ്പാ ചെയ്യുന്നതിന് മുമ്പ് ക്ലെന്സിംഗ് ലോഷന് ഉപയോഗിച്ച് ശരീരം മുഴുവന് വൃത്തിയാക്കണം. ശേഷം ഒലിവ് ഓയില് ചൂടാക്കി ശരീരം നന്നായി മസാജ് ചെയ്യണം. 30 മിനിറ്റിന് ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് ശരീരത്തില് പുരട്ടിയത് നന്നായി തുടച്ചു കളയുക. ഞവര അരി പാലില് നന്നായി വേവിച്ച് കിഴികെട്ടി ചൂടോടെ ശരീരത്തില് കിഴി പിടിക്കുക. അരമണിക്കൂര് കിഴി പിടിക്കണം. ശേഷം പത്ത് മിനിറ്റ് വിശ്രമിക്കുക. പിന്നീട് ചെറുചൂടുവെള്ളത്തില് ശരീരം കഴുകുക. ഈ ബോഡി സ്പാ ചെയ്യുന്നത് ശരീരവേദനകള് ശമിക്കാനും ശരീരത്തിലുണ്ടാകുന്ന കറുത്ത പാടുകള് മാറ്റി ചര്മ്മം കൂടുതല് മൃദുലമാക്കാനും സഹായിക്കും.

----- ROSE BODY SPA
എല്ലാ ശരീരപ്രകൃതിക്കാര്ക്കും അനുയോജ്യമായ ബോഡി സ്പായാണിത്. ആദ്യം ബോഡി ലോഷന് ഉപയോഗിച്ച് ശരീരം കഴുകുക. ശേഷം റോസാപ്പൂവിന്റെ ഇതളുകളും, മൂക്കാത്ത ജമന്തിപ്പൂവിന്റെ ഇതളുകളും നന്നായി അരച്ച് ശരീരം മുഴുവന് മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം ഇത് തുടച്ചു മാറ്റാം. തുടച്ചു മാറ്റിയതിന് ശേഷം കുറച്ച് അരിപ്പൊടിയെടുത്ത് റോസ് വാട്ടറില് മിക്സ് ചെയ്ത് ശരീരം മുഴുവന് സ്ക്രബ് ചെയ്യുക. അല്പസമയത്തിന് ശേഷം ഇത് പൂര്ണ്ണമായും തുടച്ചു മാറ്റുക. പിന്നീട് ശരീരത്തില് മോയ്സ്ചറൈസര് ക്രീം പുരട്ടാവുന്നതാണ്.

----- EASY ROSE SPA
ഈ ബോഡി സ്പാ ഇരുണ്ട ചര്മ്മത്തിന് തിളക്കവും ഭംഗിയും വര്ദ്ധിപ്പിക്കും. ആദ്യം ക്ലെന്സിംഗ് മില്ക്ക് ഉപയോഗിച്ച് മുഖം ക്ലെന്സ് ചെയ്യുക. ശേഷം താമരവിത്ത് പൊടിയാക്കി രണ്ടു സ്പൂണ് പാലില് മിക്സ് ചെയ്ത് സ്ക്രബായി ഉപയോഗിക്കാം. ഇത് പത്ത് മിനിറ്റ് നന്നായി മസാജ് ചെയ്യണം. ശേഷം ഒരു നനഞ്ഞ ടവ്വല് കൊണ്ട് തുടച്ചുമാറ്റുക. പിന്നീട് റോസാപ്പൂവിന്റെ ഇതളുകള് ചെറുതായി മുറിച്ച് പാല്, ചന്ദനം, മുള്ട്ടാണി മിള്ട്ടി, മഞ്ഞള്പ്പൊടി എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇത് ശരീരത്തില് പുരട്ടി 20 മിനിറ്റ് നന്നായി മസാജ് ചെയ്യണം. ശേഷം ടവ്വല് കൊണ്ട് മുഖത്ത് പുരട്ടിയത് തുടച്ചുമാറ്റി ചെറുചൂടുവെള്ളത്തില് കഴുകുക. ഈ സ്പാ നിര്ജ്ജീവകോശത്തെ നശിപ്പിച്ച് ചര്മ്മം ശുചിയാക്കും.
കടപ്പാട് :
----- മാഗ്ലിന് ജാക്സണ്
മാഗ്ലിന് ഹെര് ചോയ്സ്, തോപ്പുംപടി
****** ശില്പ ശിവ വേണുഗോപാല്







Comments