
ന്യൂഡല്‍ഹി: പ്രണയവിവാഹം ചെയ്ത കാരണത്താല്‍ കെവിന് ജോസഫ് കൊല്ലപ്പെട്ട സംഭവത്തില്‍ കേരള പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പോലീസിന്റേത് ക്രിമിനല്‍ വാഴ്ചയാണെന്നും ഇവര്‍ കൃത്യവിലോപം കാണിച്ചുവെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.
പോലീസിന്റെ ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അക്രമത്തില്‍ ഡിവൈഎഫ്ഐ അംഗം കൂടി ഉള്‍പ്പെട്ടത് ഞെട്ടിക്കുന്നു. കേരളത്തെ പോലൊരു സമൂഹത്തില്‍ ദുരഭിമാനക്കൊല എത്തുന്നത് അത്യന്തം ആശങ്കാജനകമാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
നേരത്തെ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണിയും രംഗത്തെത്തിയിരുന്നു. കേരള പോലീസിന് മനോരോഗം ബാധിച്ചെന്നും പോലീസിന്റെ അനാസ്ഥയാണ് കെവിന്റെ മരണത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ വീഴ്ചയാണ് കെവിന്റെ കൊലപാതാത്തില് കലാശിച്ചത്. ഇതിന് സര്‍ക്കാരും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.






