തൂത്തുക്കുടി: പോലീസ് വെടിവയ്പ് നടന്ന തൂത്തുക്കുടിയില്‍ ഇന്ന് രജനീകാന്ത് സന്ദര്‍ശനം നടത്തും. തൂത്തുക്കുടി വിമാനത്താവളത്തില്‍ രാവിലെ 10.30ഓടെ എത്തുന്ന അദ്ദേഹം പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. രജനി മക്കള്‍ മന്ത്രം തൂത്തുക്കുടി ജില്ലാ പ്രസിഡന്റ് എ. ജോസഫ് സ്റ്റാലിനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
സൂപ്പര്‍താരത്തിന്റെ വരവില്‍ നിരവധി ആളുകള്‍ എത്തുമെന്നാണ് സൂചന. അതിനാല്‍ വിഐപി സംരക്ഷണം നല്‍കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടയില്‍, തൂത്തുക്കുടി വെടിവെയ്പ്പില്‍ സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ച് വക്കുന്നത് സംബന്ധിച്ചുള്ള ഹര്‍ജിയില്‍ ഹൈകോടതി തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട 13 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റു വാങ്ങിയിട്ടില്ല. ഹൈക്കോടതി നിര്‍ദേശത്തിന് അനുസരിച്ച് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ബന്ധുക്കള്‍. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് പരിഗണിച്ചേക്കും.






