
കൊല്ലം: പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് പതിപ്പിച്ചത് ഡൽഹിയിലെ സമരത്തെ വഴിതിരിച്ചുവിടാനുള്ള നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര ഏജൻസികളും ബിജെപിയും ചേർന്ന് നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്നും അടിസ്ഥാനമില്ലാത്ത കള്ളക്കേസാണിതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ താളത്തിനൊത്ത് പ്രവർത്തിക്കുന്ന കേന്ദ്ര ഏജൻസിയായ ഇ.ഡി, പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ നോട്ടീസ് പതിപ്പിച്ചത് ഈ നാടകത്തിന്റെ ഭാഗമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇ.ഡിയെയും ബിജെപിയെയും കേരളത്തിലേക്ക് കടന്നുകയറാൻ സഹായിക്കുന്നത് യുഡിഎഫാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കുന്ന നിലപാടാണ് കേന്ദ്ര ഏജൻസികൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇ.ഡിയുടെ നടപടികളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. വീട്ടിൽ ആളില്ലാത്ത സമയത്താണ് എത്തി നോട്ടീസ് പതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം വിപുലീകൃത കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിലെ ചർച്ചകൾ പൂർത്തിയായി. നേരത്തേ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട കരുനാഗപ്പള്ളിയിലെ നാല് മുതിർന്ന നേതാക്കളെ തിരിച്ചെടുത്തതായി ജില്ലാ സെക്രട്ടറി എസ്. സുദേവൻ അറിയിച്ചു.
പി.ആർ. വസന്തൻ, സി. രാധാമണി, ടി.കെ. ബാലചന്ദ്രൻ, അഡ്വ. ബി. ഗോപൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുത്തത്.
വർഗ-ബഹുജന സംഘടനകളിൽ നിന്നുള്ളവർ ഉൾപ്പെടെ പത്ത് പേരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കളാക്കാനും തീരുമാനിച്ചു. കെ.ജി. ബിജു, ടി.ആർ. ശങ്കരപിള്ള, ഡി. വിശ്വസേനൻ, ജെ. രാമാനുജൻ, പി. സജീ, ടി.എസ്. പത്മകുമാർ, ആർ. രവീന്ദ്രൻ, ടി.ആർ. ശ്രീനാഥ്, രഞ്ചു സുരേഷ്, എച്ച്. ബെയിസിലാൽ എന്നിവരാണ് പുതിയ ക്ഷണിതാക്കൾ.







Comments