
തിരുവനന്തപുരം : വൈക്കം വിശ്വന് മറ്റന്നാള്‍ എല്‍ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കും. ചെങ്ങന്നൂര്‍ ഫലപ്രഖ്യാപനത്തിനു ശേഷം മറ്റന്നാള്‍ നടക്കുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് വൈക്കം വിശ്വന് വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വിജയരാഘവന്റെ പേരാണ് വൈക്കം വിശ്വന്റെ പകരക്കാരനായി ഉയര്‍ന്നു കേള്‍ക്കുന്നത്.
ഇടതു മുന്നണി കണ്‍വീനര്‍ പദവിയില്‍ വൈക്കം വിശ്വന് 12 വര്‍ഷം പൂര്ത്തികരിക്കവേയാണ് ഇക്കുറി ചുമതല ഒഴിയുമെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. കൂടുതല്‍ കാലം എല്‍.ഡി.എഫിന്റെ ഏകോപന ചുമതല നിര്‍വഹിച്ച വ്യക്തിയെന്ന ഖ്യാതി ഇദ്ദേഹത്തിന് സ്വന്തം.
എ.വിജയരാഘവന്, കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയിലാണു പാര്‍ട്ടി സംസ്ഥാന കേന്ദ്രത്തിന്റെ ഭാഗമാകുന്നത്. കോട്ടയത്തു നിന്നു തന്നെയുള്ള കെ.ജെ തോമസ്, ജെ.രാധാകൃഷ്ണന്, എന്നിവരുടെ പേരുകളും ചര്‍ച്ചയിലുണ്ട്.
2006 മേയ് 21നാണു വൈക്കം വിശ്വനെ എല്‍ഡിഎഫ് കണ്‍വീനറായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ചത്. 1987 ഏപ്രില്‍ 16 മുതല്‍ 1998 ജനുവരി ഏഴിന് രാജിവയ്ക്കുംവരെ ആ സ്ഥാനത്തിരുന്ന എം.എം.ലോറന്‍സിന്റെ റെക്കോര്‍ഡ് വിശ്വന് മറികടന്നു.
ജി.അരുണ്‍






