പാറ്റ്ന: ബീഹാറിലെ മഹാസഖ്യം പൊളിച്ച് ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ നേതാവാണ് നിതീഷ് കുമാര്‍. എന്നാല്‍ അടുത്തിടെയായി അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ ബി.ജെ.പിക്കെതിരായ നിലപാടുകള്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിതീഷിനെതിരെ തേജസ്വി യാദവ് രംഗത്ത്. അവസരവാദിയായ നിതീഷ് കുമാറുമായി ഇനി സഖ്യത്തിനില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.
ഞങ്ങളുടെ പ്രവര്‍ത്തകരുടെ വോട്ടുവാങ്ങി ജയിക്കുകയും ബി.ജെ.പിയുമായി കൂട്ടുകൂടുകയും ചെയ്ത അവസരവാദിയായ നേതാവാണ് അദ്ദേഹം. അതുകൊണ്ട് നിതീഷ് കുമാറുമായിട്ട് ഒരു സഖ്യവും ഉണ്ടാക്കുകയില്ലെന്നും തിരിച്ചുവരാന്‍ നിതീഷ് കുമാര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ മഹാസഖ്യത്തിന്റെ വാതിലുകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ അടഞ്ഞു കിടക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ജെ.ഡി.യുവില്‍ അവശേഷിക്കുന്ന സോഷ്യലിസ്റ്റുകള്‍ നിതീഷിനെ തള്ളി മുന്നോട്ടു വരണമെന്ന് തേജസ്വി ആവശ്യപ്പെട്ടു. പ്രതിപക്ഷം ഒന്നിച്ചതിന്റെ ഫലം രാജ്യത്തുടനീളം കണ്ടു തുടങ്ങി. 2019ലെ പൊതുതെരഞ്ഞടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും തേജസ്വി പറഞ്ഞു.
ചെങ്ങന്നൂര്‍ അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന 11 നിയമസഭാ സീറ്റുകളില്‍ ഒരു സീറ്റ് ഒഴികെ എല്ലാ സീറ്റുകളിലും ബി.ജെ.പി പരാജയപ്പെട്ടു. ബീഹാറിലെ ജോഖിഹട്ട് സീറ്റിലും ബി.ജെ.പി-ജെ.ഡി.യു സഖ്യം പരാജയപ്പെട്ടു. ഇവിടെ ആര്.എല്‍.ഡി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് തേജസ്വി യാദവിന്റെ പ്രതികരണം.






