
പുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ സ്മാര്‍ട്ട് കാര്‍ഡ് നിരോധിച്ച് ഇലക്ട്രോണിക് ടോള്‍പിരിവ് ഏര്‍പ്പെടുത്താനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം തദ്ദേശവാസികള്‍ക്കു തിരിച്ചടിയാകും. പുതിയ സമ്പ്രദായം നിലവില്‍ വരുന്നതോടെ സൗജന്യപാസ് ഉപയോഗിക്കുന്ന പ്രാദേശിക വാഹനങ്ങള്‍ക്കു പണം കൊടുത്ത് പോകേണ്ട സ്ഥിതിയുണ്ടാകും.
വാഹനയാത്രയും ടോള്‍പ്പിരിവും സുഗമമാക്കുന്നതിനാണു ദേശീയപാതകളിലെ ടോള്‍പ്ലാസ സെന്ററുകളില്‍ ഇന്റര്‍ ഓപ്പറബിള്‍ ഹൈബ്രിഡ് ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുളളത്. ഇതനുസരിച്ചു പ്രതിമാസ പാസും സൗജന്യ പാസും നിര്‍ത്തിവച്ച് ഫാസ്റ്റാഗ് സംവിധാനത്തിലേക്ക് മാറാനും നിര്‍ദേശമുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തിലുണ്ട്. ഫാസ്റ്റാഗ് വഴിയുള്ള ഇലക്ട്രോണിക് ടോള്‍പ്പിരിവ് നടപ്പാക്കിയാല്‍ നിലവില്‍ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യ യാത്രാപാസുള്ളവരും ടോള്‍പ്ലാസ കടക്കാന്‍ പണം നല്‍കേണ്ടിവരും.
ഇക്കാര്യം ദേശീയപാത അതോറിറ്റിയും ടോള്‍ പിരിക്കുന്ന കരാര്ക്കമ്പനിയും ഒന്നരമാസം മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം ഇതുവരെയുണ്ടായിട്ടില്ല.
നിലവില്‍ പ്രാദേശിക വാഹനങ്ങളുടെ ടോള്‍ തുക നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. 2012 ലെ തീരുമാനപ്രകാരം 43,000 സൗജന്യ പാസുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. ഈയിനത്തില്‍ 2017 നവംബര്‍ മാസം വരെ 72.3 കോടി രൂപ കരാര്‍ക്കമ്പനിക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്.
ഇതില്‍ 2014 ഓഗസ്റ്റ് വരെയുള്ള 3.59 കോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ദേശീയപാത നിര്‍മാണവും ടോള്‍ പിരിവും ബി.ഒ.ടി. കമ്പനിയെ ഏല്‍പ്പിച്ചതു മുതല്‍ ശക്തമായ എതിര്‍പ്പും പ്രതിഷേധവും നാനാഭാഗത്തു നിന്നുമുണ്ടായിരുന്നു. ഇലക്ട്രോണിക് ടോള്‍ പിരിവോ ഫാസ്റ്റാഗോ ഏര്‍പ്പെടുത്തിയാലും പ്രാദേശിക വാഹനങ്ങളുടെ സൗജന്യയാത്ര സര്‍ക്കാര്‍ ഉറപ്പാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.






