
കോട്ടയം: കെവിനെ വീണ്ടും ആരോ തല്ലാന്‍ തുടങ്ങിയപ്പോള്‍ ഇനിയവനെ തല്ലിയാല്‍ അവന് ചത്തുപോകുമെന്ന് ഒരാള്‍ പറയുന്നത് കേട്ടു. തന്നെ ഛര്‍ദ്ദിക്കാന്‍ വലിച്ചിഴച്ചിറക്കി താഴെ ഇരുത്തുന്നതിനിടയില്‍ അടുത്ത കാര്‍ തൊട്ടടുത്തെത്തി അതില്‍ നിന്നും കെവിനെ വലിച്ചിഴച്ച് താഴെയിരുത്തുന്നത് കണ്ടു. ഇരിക്കുന്നിടത്തു നിന്നും മാറിയിരിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ക്ഷീണിതനായിരുന്നു അവന്. ആ അവസ്ഥയില്‍ അവന് അനങ്ങാന്‍ പോലും കഴിയുമായിരുന്നില്ല.
വണ്ടി നിര്‍ത്തിയിട്ടപ്പോള്‍ കെവിന് ഓടി രക്ഷപ്പെട്ടെന്നും ആറ്റില്‍ വീണെന്നുമുള്ള വാദം തീരെ യോചിക്കാന്‍ കഴിയാത്തതാണെന്ന് കെവിനൊപ്പം നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം തട്ടിക്കൊണ്ടു പോയ അനീഷ്. കെവിനെ വണ്ടിയില്‍ നിന്നും താഴെ റോഡില്‍ ഇറക്കിക്കിടത്തുമ്പോള് ഒന്നു ചാരിയിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കെവിന്. ആ അവസ്ഥയില്‍ ഉള്ള ഒരാള്‍ ഓടി രക്ഷപ്പെട്ടെന്നും ആറ്റില്‍ വീണെന്നും പറയുന്നത് എങ്ങിനെ വിശ്വസിക്കാനാകുമെന്നും അനീഷ് ചോദിക്കുന്നു.
മാന്നാനത്തു നിന്നും രണ്ടുപേരെയും വെവ്വേറെ കാറുകളിലാണ് തട്ടിക്കൊണ്ടു പോയത്. കാറില്‍ വെച്ച് അനീഷിനെ പല തവണ അടിച്ചു. ഓട്ടത്തിനിടയില്‍ വാഹനത്തില്‍ ഉള്ളവര്‍ ദാ കാഴ്ചകള്‍ കണ്ടോ, തെന്മലയാണ്. ഇനി ജീവിതത്തില്‍ ചിലപ്പോള്‍ ഈ കാഴ്ചകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് പറയുന്നത് കേട്ടാണ് അത് തെന്മലയാണെന്ന് മനസ്സിലായത്. ഇതിനിടയില്‍ ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞപ്പോള്‍ വണ്ടി വഴിയരികില്‍ നിര്‍ത്തി. കാറില്‍ നിന്നും തന്നെ വലിച്ചിഴച്ചിറക്കി താഴെയിരുത്തി. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുന്നിലേക്ക് കൊണ്ടു വന്ന് നിര്‍ത്തി. അതില്‍ നിന്നും കെവിനെ വലിച്ചിഴച്ച് താഴെയിരുത്തി. അവനെ വീണ്ടും ആരോ തല്ലാന്‍ ഒരുങ്ങിയപ്പോള്‍ ഇനി തല്ലിയാല്‍ അവന് ചത്തു പോകുമെന്ന് മറ്റൊരാള്‍ പറയുന്നത് കേട്ടു. അല്‍പ്പ സമയം കഴിഞ്ഞ അനീഷിനെ വീണ്ടും കാറിലേക്ക് വലിച്ചുകയറ്റിയപ്പോള്‍ കെവിന് ഓടി രക്ഷപ്പെട്ടു എന്ന് അവര്‍ പറയുന്നതു കേട്ടു. പക്ഷേ കെവിന് ഓടുന്നത് താന്‍ കണ്ടില്ലെന്ന് അനീഷ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയ കെവിനെ തെന്മലയില് വാഹനത്തില്‍നിന്നു പുറത്തിറക്കുന്നതിനിടെ കുതറിഓടുകയായിരുന്നുവെന്നാണു പ്രതികളുടെ മൊഴി.അനീഷിന്റെ മൊഴിയും പ്രതികളുടെ മൊഴിയും ഒത്തുപോകുന്നതിനാല്‍ കെവിന്റേതു മുങ്ങിമരണമെന്ന നിഗമനത്തിലാണു മുന്നോട്ടു പോകുന്നതെങ്കിലും വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണു പോലീസ് തീരുമാനം. ഒന്നിലേറെപേര്‍ രണ്ടു മണിക്കൂറിലേറെ ക്രൂരമായി മര്‍ദിച്ച യുവാവ് സംഘത്തിന്റെ പിടിയില്‍ നിന്നു കുതറിയോടിയെന്ന മൊഴി പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല.അബോധാവസ്ഥയിലുള്ള ഒരാളെ അല്പനേരം വെള്ളത്തില്‍ മുക്കിപ്പിടിച്ചാലും മുങ്ങിമരണം എന്ന റിപ്പോര്‍ട്ടേ ലഭിക്കു. അതിനാല്‍ സാധ്യത കൂടുതല്‍ അതാവുമെന്ന നിഗമനവുമുണ്ട്.
മൃതദേഹപരിശോധനാഫലത്തില് മുങ്ങിമരണമെന്നാണെങ്കിലും ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നാലേ അന്തിമ നിഗമനത്തിലെത്താന്‍ കഴിയൂ. അറസ്റ്റിലായവരില്‍ പലരും സ്ഥിരം ക്രിമിനല്‍ സംഘാംഗങ്ങളെന്നു നിഗമനം. തെന്മലയിലെ തെളിവുശേഖരണത്തിനിടെ ആയുധങ്ങള്‍ കണ്ടെടുത്തതിനെത്തുടര്ന്നു നടത്തിയ പ്രാഥമിക അന്വേഷണത്തിലാണു ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്ന വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളായിരുന്നു തെന്മലയില്നിന്നു തോട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിത്. പ്രതികളുടെ ഏഴുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.






