
നാഗ്പൂര്‍: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ചടങ്ങിനായി നാഗ്പൂരിലെത്തി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ രൂക്ഷ വിമര്‍ശനം വകവെയ്ക്കാതെയാണ് ആര്‍എസ്എസ് ചടങ്ങിലേക്കുള്ള ക്ഷണം പ്രണബ് മുഖര്‍ജി സ്വീകരിച്ച് ആര്‍എസ്എസ് ആസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ എത്തിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ആര്‍എസ്എസ് ആസ്എഥാനത്ത് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ് എന്ന പരിപാടി നടക്കുന്നത്. ചടങ്ങിനുശേഷം രണ്ടു രാത്രി ഗവര്‍ണറുടെ വസതിയില്‍ കഴിഞ്ഞതിനു ശേഷം വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്തേക്ക് മടങ്ങുമെന്നാണ് വിവരം. ഏകദേശം 700 ഓളം സ്വയംസേവക് അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ഷിക ചടങ്ങിലേക്ക് വിശിഷ്ടമായ വ്യക്തികളെ വിളിക്കുന്ന പാരമ്പര്യം പിന്തുടര്ന്നാണ് മുന്‍ രാഷ്ട്രപതിയായ പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചതെന്നാണ് ആര്‍എസ്എസിന്റെ വിശദീകരണം. ആര്‍എസ്എസ് ആസ്ഥാനത്ത് എല്ലാ വര്‍ഷവും നടത്തിവരുന്ന ചടങ്ങാണ് ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്. സംഘടനയിലെ രണ്ടു വര്‍ഷത്തെ പരിശീലന ക്യാമ്പ് പൂര്‍ത്തിയാക്കിയ വാളണ്ടിയര്‍മാര്‍ക്കാണ് ക്യാമ്പിലേക്ക് പ്രവേശനം.
കോണ്‍ഗ്രസില്‍ നെഹ്റു കുടുംബവുമായി ഏറെ അടുപ്പമുള്ള നേതാവു കുടിയായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന വാര്‍ത്ത വലിയ വിവാദത്തിന് വഴി തെളിച്ചിരുന്നു. ഉയര്‍ന്ന എല്ലാ വിവാദങ്ങള്‍ക്കും നാഗ്പൂരില്‍ മറുപടി നല്‍കുമെന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ പ്രതികരണം.






