
സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി രണ്ടാംഘട്ട ദുരന്തബാധിതര്‍ക്കായി ഉടന്‍ നറുക്കെടുപ്പ് നടത്തി വീടുകള്‍ അനുവദിക്കണമെന്ന് മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതര്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളെ മാത്രമാണ് ലോകം അറിഞ്ഞിട്ടുള്ളതെന്നും വീടിനായി കാത്തിരിക്കുന്ന നിരവധി ദുരന്തബാധിതര്‍ ഇനിയും ഉണ്ടെന്നും അവർ പറഞ്ഞു. ലോണുകള്‍ എഴുതി തള്ളാനുള്ള നടപടികളും വേഗത്തിലാക്കണമെന്നും രണ്ടാംഘട്ട ദുരന്തബാധിതര്‍ ആവശ്യപ്പെട്ടു.
പദ്ധതി പ്രകാരം സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ 410 വീടുകളാണ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ ഭൂരിഭാഗത്തിലും ദുരന്തബാധിതര്‍ താമസം തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവരും വൈകാതെ താമസം തുടങ്ങും. എന്നാല്‍ പട്ടിക പ്രകാരം ഇനിയും ദുരന്തബാധിതര്‍ ബാക്കിയുണ്ടെന്നും ഇവര്‍ക്കുള്ള വീടുകളും ടൗണ്‍ഷിപ്പില്‍ നിര്‍മാണത്തിലാണെന്നും അറിയിച്ചു. ആദ്യഘട്ടത്തിലേതുപോലെ രണ്ടാംഘട്ട ദുരന്തബാധിതര്‍ക്കും തുടര്‍ന്നുള്ളവര്‍ക്കും എത്രയും വേഗം നറുക്കെടുപ്പ് നടത്തി വീടുകള്‍ നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം.






