തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസില്‍ കലാപം. സീറ്റ് വിട്ടുകൊടുക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന് രംഗത്ത് വന്നു. കോണ്‍ഗ്രസിന് അവകാശപ്പെട്ട സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കരുതെന്ന് സുധീരന് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലുള്ള രമേശ് ചെന്നിത്തലയേയും എം.എം ഹസനേയും സുധീരന് നിലപാട് അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും സുധീരന് ചര്‍ച്ച നടത്തി. യു.ഡി.എഫിന്റെ ഘടകകക്ഷിയല്ലാത്ത കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കേണ്ട ആവശ്യം എന്താണെന്ന് സുധീരന് ചോദിച്ചു. സീറ്റ് നല്കിയാല് തന്നെ ഭാവിയില്‍ മാണിയും കൂട്ടരും എങ്ങോട്ട് പോകുമെന്ന് പറയാനാകില്ല. രാജ്യസഭയില്‍ കോണ്‍ഗ്രസിന് സീറ്റ് കുറവുള്ളത് പരിഹരിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
മണ്ണൂം ചാരി നിന്നവന് പെണ്ണും കൊണ്ട് പോയി എന്ന അവസ്ഥയാണിതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു. കോണ്‍ഗ്രസ് സാന്നിധ്യമാണ് രാജ്യസഭയില്‍ വേണ്ടതെന്ന് കെ.സി ജോസഫും പ്രതികരിച്ചു. കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. യു.ഡി.എഫിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന കേരള കോണ്‍ഗ്രസിന് മുസ്ലീം ലീഗ് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സീറ്റ് വിട്ടുനല്‍കുന്നത്.






