
കോട്ടയം/ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസി(എം)നു നല്‍കിയതിനെച്ചൊല്ലി പാര്‍ട്ടിയില്‍ കലാപമുണ്ടായതില് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു സംഭ്രമം. കൂട്ടായി അഭിപ്രായമറിയിച്ച സംസ്ഥാന നേതാക്കളെ വിശ്വാസത്തിലെടുത്തുള്ള തീരുമാനമെന്നു വിശദീകരിച്ചു തടിയൂരാനാണു നീക്കം. അതേസമയം, സീറ്റ് കേരളാ കോണ്‍ഗ്രസിനു വിട്ടുകൊടുത്ത തീരുമാനം പുനഃപരിശോധിക്കില്ലെന്നു ദേശീയനേതൃത്വം വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാന്‍ കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് നിര്‍ദേശം നല്കി.
പാര്‍ട്ടിയധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഇത്. ഇവര്‍ കൂട്ടായി നല്കിയ നിര്‍ദേശത്തെച്ചൊല്ലി സംസ്ഥാനത്തെ യുവനേതാക്കളും ചില മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ശക്തമായി രംഗത്തിറങ്ങുമെന്ന് ഹൈക്കമാന്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ യു.ഡി.എഫ്. കണ്‍വീനര്‍, കെ.പി.സി.സി. അധ്യക്ഷ നിയമനങ്ങള്‍ കൂടുതല്‍ കരുതലോടെയാകും.
പ്രതിഷേധം കനക്കുമ്പോഴും കെ.വി. തോമസ് ഒഴികെ കെ.പി.സി.സി. പ്രസിഡന്റ് സാധ്യതാപട്ടികയിലുള്ള നേതാക്കള്‍ പരസ്യപ്രതികരണത്തിനു തയാറായിട്ടില്ല. മൂന്നു നേതാക്കള്‍ മാത്രം തീരുമാനമെടുക്കുകയും അതേ രീതി തുടരുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് തോമസ് പറഞ്ഞു.
അതിനിടെ, ഹൈക്കമാന്‍ഡിനു മുന്നില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നു സംസ്ഥാന നേതൃത്വം അവകാശപ്പെട്ടു. കേരളത്തിലെ സി.പി.എം. പഴയ സമീപനം അപ്പാടെ മാറ്റിയിരിക്കുന്നു.
മുമ്പ് പ്രതിക്കൂട്ടില്‍ നിര്‍ത്തി കടന്നാക്രമിച്ച കേരളാ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടി എല്‍.ഡി.എഫിനെ ശക്തമാക്കാന്‍ അവര്‍ ശ്രമിച്ചത് കാണാതിരുന്നുകൂടാ. കോണ്‍ഗ്രസിന് തനിച്ചു ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത കാലത്തോളം യു.ഡി.എഫിന്റെ ഉറച്ച നിലനില്‍പ്പിന് ഉതകുന്ന തീരുമാനമാണു വേണ്ടത്.
കര്‍ണാടകയില്‍ ബി.ജെ.പി. അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ പകുതി മാത്രം എം.എല്‍.എമാരുള്ള ജെ.ഡി.എസിനു മുഖ്യമന്ത്രിസ്ഥാനം നല്കിയതും അവര്‍ ചൂണ്ടിക്കാട്ടുന്നു.






