
കൊച്ചി: രാജ്യസഭാ സീറ്റ് വിട്ടുനല്‍കി കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു മടക്കിക്കൊണ്ടുവന്നതിനെ ചൊല്ലി പ്രതിഷേധം കനക്കുന്നു. കോണ്‍ഗ്രസിന്റെ ഭാവിയെ ബാധിക്കുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത് മൂന്നു നേതാക്കളുടെ രഹസ്യ ചര്‍ച്ചയിലല്ലെന്ന് പി.ടി. തോമസ് എംഎല്‍എ തുറന്നടിച്ചു. പാര്‍ട്ടിക്കാര്യം തീരുമാനിക്കേണ്ടത് ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും, എംഎം ഹസ്സനും മാത്രം ചേര്‍ന്നല്ല. സ്വകാര്യ സ്വത്ത് പോലെ തീരുമാനിക്കേണ്ടതല്ല പാര്ട്ടിക്കാര്യമെന്നും പി.ടി തോമസ് ആഞ്ഞടിച്ചു.
രാജ്യസഭാ സീറ്റ് നിര്‍ണയത്തില്‍ ജനാധിപത്യ കീഴ്വഴക്കം പാലിച്ചില്ലെന്നും പി.ടി രൂക്ഷമായി പ്രതികരിച്ചു. സീറ്റു വിട്ടു നല്കുന്നതില് യുഡിഎഫും കെപിസിസിയും ചര്‍ച്ച ചെയ്യണമായിരുന്നു. ഇതില്‍ എന്തോ മൂടിവെക്കുന്നത് പോലെയായിരുന്നു നീക്കങ്ങള്‍. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ മാണി ഗ്രൂപ്പിന്റെ തിരിച്ചുവരവില്‍ ഇങ്ങനെയൊരു ഉപാധിയുണ്ടെങ്കില്‍ അതു തുറന്നു പറയണമായിരുന്നു. ഇതുകൊണ്ടു തന്നെ ചടുലമായ പ്രവര്‍ത്തനം നടത്താനാകാത്ത നേതൃത്വം മാറണമെന്നും പി.ടി. ആവശ്യപ്പെട്ടു.






