
കോഴിക്കോട്: ഷിജിതയുടെ ഓര്‍മ്മകളുമായി ഉബീഷ് വ്യാഴാഴ്ച വീട്ടിലെത്തും. നിപ ബാധിച്ച് ആദ്യം മരണം രേഖപ്പെടുത്തിയ ഭാര്യ മരിച്ചതിനേക്കാള്‍ വലിയ ശിക്ഷയാണ് ഉബീഷും കുടുംബവും ഇപ്പോള്‍ നേരിടുന്നത്. നിപ വൈറസ് ബാധയുടേയും മരണങ്ങളുടെയും പട്ടിക നിരത്തി മാധ്യമങ്ങള്‍ പുറത്തുവിട്ട കഥകളുടെ ചുവട് പിടിച്ചുണ്ടായ വ്യാജ പ്രചരണങ്ങള്‍ കുടുംബത്തെ ഒറ്റപ്പെടുത്തി.
പൊതുജീവിതത്തില്‍ നിന്നും കുടുംബം ഒറ്റപ്പെട്ടുപോയി. ചുറ്റുപാടുകളില്‍ നിന്നും അങ്ങിനെയൊന്നും രോഗം ബാധിക്കില്ലെന്ന് ഉറപ്പായിട്ടും നാട്ടില്‍ കെട്ടുകഥകള്‍ പരക്കുകയാണ്. ചുറ്റുമുള്ള കഥകള്‍ മൂലം കുടുംബാംഗങ്ങള്‍ പോലും വീട്ടിലേക്ക് കടന്നു ചെല്ലാന്‍ ഭയക്കുന്നു. നിപാ വൈറസ് ബാധയെ തുടര്‍ന്ന് ആദ്യം മരണം രേഖപ്പെടുത്തിയവരില്‍ ഭാര്യ ഷിജിതയുമുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് ഉബീഷിനെ പരിചരിക്കാന്‍ ആശുപത്രിയില്‍ എത്തിയ ഷിജിതയ്ക്ക് വൈറസ് ബാധയേല്‍ക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. തുടര്‍ന്നായിരുന്നു ഉബീഷിലും വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഉബീഷിന്റെ ശരീരത്തില്‍ മാരകമായ രീതിയില്‍ നിപ ബാധിച്ചില്ല. ആദ്യ ടെസ്റ്റ് പോസിറ്റീവ് ആയെങ്കിലും തുടര്‍ന്നുളള പരിശോധനകളില്‍ നെഗറ്റീവ് ആയി. പൂര്ണ്ണരോഗ വിമുക്തനായ ഉബീഷ് വ്യാഴാഴ്ച ആശുപത്രി വിടും.
തങ്ങളെ ഒറ്റപ്പെടുത്തരുതെന്നാണ് ഉബീഷ് പറയുന്നത്. ജോലിക്കും ജീവിതത്തിനും രോഗം വന്നിരുന്നു എന്നത് തടസ്സമാകാരുത്. നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍, കൂട്ടുകാര്‍, എല്ലാവര്ക്കും എല്ലാ പരിശോധനയും നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കി. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ അജന്യയും രോഗത്തില്‍ നിന്നും മുക്തയായി ആശുപത്രി വിടാനൊരുങ്ങുകയാണ്. നിപാ വൈറസ് ബാധയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത് മുതല്‍ അജന്യ പേവാര്ഡിലായിരുന്നു. രോഗം മുഴുവന്‍ മാറി സാധാരണ നിലയിലായി ഏറെ ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും രോഗം പൂര്‍ണ്ണമായി ഭേദമായി എന്ന് 100 ശതമാനം ഉറപ്പിക്കുകയായിരുന്നു അധികൃതര്‍.






