
മഡ്രിഡ്: ലോകകപ്പ് ആവേശത്തിന് പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മുഖ്യപരിശീലകനെ സ്പെയിന് പുറത്താക്കി. ജൂലെന്‍ ലോപെടെഗുയിയെയാണു പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കിയത്. സ്പെയിന്റെ പരിശീലകനായി നിലനില്‍ക്കേ സ്പാനിഷ് €ബ് റയല്‍ മഡ്രിഡിന്റെ പരിശീലക ജോലി ഏറ്റെടുത്ത സാഹചര്യത്തിലാണ് ലോകകപ്പ് കിക്കോഫിന് ഒരു ദിവസം മാത്രം ശേഷിക്കെ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. എന്നാല്‍ ലോകകപ്പിനു ശേഷം റയലിന്റെ പരിശീലക ജോലി ഏറ്റെടുക്കാനായിരുന്നു ലോപെടെഗുയിയുടെ തീരുമാനം.
ലോകകപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന പ്രധാന ടീമുകളിലൊന്നാണു സ്പെയിന്. ഉദ്ഘാടന മത്സരത്തിനു ശേഷം ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന പോര്‍ച്ചുഗല്‍- സ്പെയിന് മത്സരമുണ്ട്. യൂറോ ചാമ്പ്യന്മാരായ പോര്ച്ചുഗല്ലിനെതിരെ മത്സരിക്കാന്‍ തയാറെടുക്കുന്ന സ്പാനിഷ് സംഘത്തിന് തീരുമാനം കടുത്ത സമ്മര്‍ദ്ദമുണ്ടാക്കും.
ചൊവ്വാഴ്ചയാണ് ലോപെടെഗുയിയെ സ്പാനിഷ് വമ്പന്മാരായ റയല്‍ പരിശീലക സ്ഥാനത്തേക്ക് നിയമിച്ചത്. സിനദിന്‍ സിദാന് രാജിവെച്ച ഒഴിവിലേക്ക് മൂന്നു വര്‍ഷത്തേയ്ക്കായിരുന്നു നിയമനം. രണ്ടു വര്‍ഷത്തോളം സ്പെയിന് ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണു റയലിന്റെ തലപ്പത്തേക്ക് എത്തുന്നത്. ലോകകപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്പെയിന് മുഖ്യപരിശീലകനായി ഇനി ആരെ കണ്ടെത്തും എന്നുള്ളതും ശ്രദ്ധേയമാണ്.






