
തിരുവനന്തപുരം : പോലീസിലെ ദാസ്യപ്പണി വിവാദം കത്തുന്നതിനിടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ ഒപ്പം നിര്‍ത്തിയിരിക്കുന്നത് മൂന്ന് പോലീസുകാരെയെന്ന് റിപ്പോര്‍ട്ട്. ഡിജിപിയുടെ നിര്‍ദേശം അനുസരിച്ച് ഇപ്പോള്‍ ശേഖരിച്ചിട്ടുള്ള കണക്കുകള്‍ അനുസരിച്ച് ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഒരു എഎസ്ഐയും രണ്ട് സിവില്‍ പോലീസുകാരും നളിനി നെറ്റോയ്ക്കായി ഡ്യൂട്ടിയിലുണ്ടെന്നാണ് വ്യക്തമാകുന്നത്.
2015 ല്‍ നളിനി നെറ്റോ പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം ലോക്കല്‍ സ്റ്റേഷനുകളിലേയ്ക്കുള്ള പോലീസുകാരെ വര്‍ക്ക് അറേഞ്ചുമെന്റിന്റെ പേരില്‍ മറ്റു ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുത് എന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാണ് ഇപ്പോള്‍ മൂന്ന് പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. തലസ്ഥാനത്തു മാത്രം 81 പേരാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ഡ്യൂട്ടിയിലുള്ളത് എന്നാണ് ഇതുസംബന്ധിച്ച് പുറത്തു വരുന്ന കണക്കുകള്‍.






