
അറ്റ്‌ലാന്റ: യുഎസിലെ ജോർജിയയിൽ ഇന്ത്യൻ വംശജയായ മുതിർന്ന ഗൂഗിൾ ഉദ്യോഗസ്ഥയെ ഭർത്താവ് വെടിവെച്ചുകൊന്നു. ആക്രമണത്തിൽ ഇവരുടെ മകനും പരിക്കേറ്റു. ഗൂഗിളിൽ സീനിയർ എഞ്ചിനീയറിംഗ് ലീഡറായ 57 വയസ്സുകാരി ശീതൽ വ്രസെൻ ആണ് കൊല്ലപ്പെട്ടത്. കോബ് കൗണ്ടിയിലെ സ്മിർണ നഗരത്തിലുള്ള ഇവരുടെ വസതിയിൽ വെച്ചായിരുന്നു സംഭവം. പ്രതിയായ ഭർത്താവ് 56 വയസ്സുകാരൻ കിർക്ക് ബി. വ്രസെനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നിലവിൽ ജാമ്യമില്ലാതെ കോബ് കൗണ്ടി അഡൽറ്റ് ഡിറ്റൻഷൻ സെന്ററിൽ പാർപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സ്മിർണയിലെ വസതിയിൽ വെടിവെയ്പ്പ് നടന്നതായി പോലീസിന് സന്ദേശം ലഭിക്കുന്നത്. പോലീസ് സ്ഥലത്തെത്തുമ്പോൾ ശീതൽ വീടിനുള്ളിൽ വെടിയേറ്റ നിലയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികളുടെ 23 കാരനായ മകൻ ജേസൺ വ്രസെനെ വീടിന് പുറത്ത് വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് അടിയന്തര രക്ഷാപ്രവർത്തകർ ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതിക്കെതിരെ കൊലപാതകം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, തോക്ക് കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇതൊരു ഗാർഹിക പീഡനക്കേസ് ആണെന്നും നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളില്ലെന്നും പോലീസ് വ്യക്തമാക്കി. വെടിവെയ്പ്പിലേക്ക് നയിച്ച കൃത്യമായ കാരണം ഇനിയും വ്യക്തമല്ല.
സാങ്കേതിക വിദ്യാരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള പ്രമുഖ എഞ്ചിനീയറിംഗ് ലീഡറായിരുന്നു ശീതൽ. ഗൂഗിളിൽ ചേരുന്നതിന് മുൻപ് 'ഹോം ഡിപ്പോ' എന്ന പ്രമുഖ കമ്പനിയുടെ ഡിജിറ്റൽ വിഭാഗത്തിൽ ഉയർന്ന പദവികൾ അലങ്കരിച്ചിട്ടുള്ള ഇവർ, വെതർ, ഫിനാൻഷ്യൽ ടെക്നോളജി മേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് സോഫ്റ്റ്‌വെയർ പേറ്റന്റുകൾ ഇവരുടെ പേരിലുണ്ട്. കൂടാതെ പ്രശസ്തമായ ജോർജിയ ടെക് കോളേജ് ഓഫ് കമ്പ്യൂട്ടിംഗിന്റെ ഉപദേശക സമിതിയിലും ജോർജിയ ടെക് അലുമിനി അസോസിയേഷന്റെ ട്രസ്റ്റി ബോർഡിലും ഇവർ അംഗമായിരുന്നു.
ഇംഗ്ലണ്ട്, ഇന്ത്യ, ഘാന എന്നീ രാജ്യങ്ങളിലായി വളർന്ന ശീതൽ, പിന്നീട് ഉപരിപഠനത്തിനായാണ് അമേരിക്കയിൽ എത്തിയത്. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയത്. ഭർത്താവ് കിർക്കിനും മക്കളായ ജേസൺ, ജെസ്സിക്ക എന്നിവർക്കുമൊപ്പം അറ്റ്ലാന്റയിലായിരുന്നു താമസം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.






