
ലോകകപ്പില്‍ നിര്‍ണ്ണായകമായ മത്സരങ്ങളില്‍ ഒന്നില്‍ ജയിച്ച രണ്ടാം റൗണ്ടിലേക്ക് പോയെങ്കിലും സെര്‍ബിയയെ വീഴ്ത്തിയ മത്സരം സ്വിറ്റ്സര്‍ലന്റിനെ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിടുന്നു. കളിയില്‍ സ്വിറ്റ്സര്‍ലന്റിന്റെ ഗോള്‍ നേടിയ ശേഷം നായകന് ഷെര്ദാന് ഷക്കീരിയും ഗ്രാനിറ്റ് ഷാക്കയും നടത്തിയ സെര്‍ബിയന്‍ വിരുദ്ധ വംശീയ ആഘോഷം സെര്‍ബിയയും സ്വിസും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ഉലയ്ക്കുന്നു.
ഗോളടിച്ച ശേഷം ജഴ്സിയൂരി നെഞ്ചില്‍ കൈകള്‍ ക്രോസായി വെച്ച് ഇരട്ടത്തലയുള്ള പരുന്തിന്റെ ചിഹ്നം കാട്ടിയിരുന്നു. കളി കഴിഞ്ഞ ശേഷം ഷക്കീരിയും സഹകളിക്കാരന് ഗ്രാനിറ്റ് ഷാക്കയും ചേര്‍ന്ന് ഇതു തന്നെ കാട്ടി. സെര്‍ബിയക്കാര്‍ ഒരിക്കലും അംഗീകരിക്കാത്ത കൊസാവോ വംശീയതയുടെ പ്രതീകമാണ് ഇരട്ടത്തലയുള്ള പരുന്ത്. 1998 ല്‍ തുടങ്ങിയ കൊസാവോ യുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോള്‍ സെര്‍ബിയയില്‍ നില നില്ക്കുന്ന സാഹചര്യത്തിലാണ് ഷക്കീരിയുടെ വംശീയവാദ പ്രദര്‍ശനം ഉണ്ടായത്. സ്വിസ് ടീമില്‍ കളിക്കുന്ന അല്‍ബേനിയന്‍ വംശീയരാണ് ഷക്കീരയും ഗ്രാനിഡ് ഷാക്കയും. ഗ്രൂപ്പ് ഇ യില്‍ കാലിനിഗ്രാഡില് നടന്ന മത്സരത്തില്‍ ആദ്യം ഗോളടിച്ചത് സെര്‍ബിയയായിരുന്നു. അലക്സാണ്ടര്‍ മിട്രോവിക്കിന്റെ ഗോളില്‍ മുന്നിലെത്തിയ അവരെ ഷക്കീരിയുടെ ഇരട്ടഗോളിലാണ് സ്വിസ് മറികടന്നത്.
കൊസാവോ വംശീയതയിലുള്ള അല്‍ബേനിയയുടെ ദേശീയപതാകയില്‍ പ്രദര്‍ശിച്ചിരുന്ന ഇരട്ടത്തലയുള്ള പരുന്തിനെയാണ് ഷാക്കയും ഷക്കീരിയും കാട്ടിയത്. തള്ളവിരലുകള്‍ തലപോലെ ചേര്‍ത്തും മറ്റു വിരലുകള്‍ ചിറകുകള് പോലെയുമായിരുന്നു മുദ്ര. 2008 ല്‍ സെര്‍ബിയയില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച മുന്‍ സെര്‍ബിയന്‍ പ്രവിശ്യയായിരുന്ന കൊസാവോയിലാണ് ഷക്കീരി ജനിച്ചത്. കൊസാവോയെ സെര്‍ബിയ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും പ്രശ്നങ്ങള്‍ നില നില്‍ക്കുകയാണ്. അല്‍ബേനിയന്‍ പാരമ്പര്യമുള്ള കൊസാവോയില് തന്നെയാണ് ഷാക്കയുടെയും ജനനം. കൊസാവോയന് സ്വാതന്ത്ര്യസമരം നടത്തിയതിന്റെ പേരില്‍ മുന്‍ യൂഗോസ്ളാവ്യയില്‍ ജയിലില്‍ കിടന്നിട്ടുള്ളയാളാണ് ഷാക്കയുടെ പിതാവ്.
ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് ഒരു വൈകാരിക പ്രകടനം മാത്രമായിരുന്നെന്നാണ് പ്രീമിയര്‍ലീഗിലെ സ്റ്റോക്ക് സിറ്റിയുടെ താരമായ ഷക്കീരിയുടെ പ്രതികരണം. ഫുട്ബോള്‍ എല്ലായ്പ്പോഴും വൈകാരികമാണ്. ഗോടിച്ചപ്പോള് അത് പ്രകടിപ്പിച്ചു അല്ലാതെ കൂടുതലൊന്നുമില്ലെന്ന് താരംപറഞ്ഞു. ഫുട്ബോളും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കാന്‍ ശ്രമിക്കരുത് എന്നായിരുന്നു സ്വസ് പരിശീലകന് വ്ളാഡിമര്‍ പെറ്റ്കോവിക്കും പറഞ്ഞത്. എല്ലാവരേയും ഒരുമിച്ച് ചേര്‍ക്കുന്ന ഈ കായികവിനോദത്തെ കൂടുതല്‍ സുന്ദരമാക്കാനാണ് നമ്മള് ശ്രമിക്കേണ്ടതെന്ന് പെറ്റ്കോവിക്ക് പറയുന്നു.
അതേസമയം കളിക്കാനിറങ്ങിയപ്പോള്‍ തന്നെ തന്റെ ഒരു ബൂട്ടില്‍ കൊസാവോയുടെയും മറുബൂട്ടില്‍ സ്വിസിന്റെ പതാക പ്രദര്‍ശിപ്പിച്ചാണ് ഷക്കീര കളിക്കിറങ്ങിയത് തന്നെ. ഷക്കീരിയും സെര്‍ബിയന്‍ കളിക്കാരും തമ്മില്‍ പലതവണ വാക്കേറ്റവും ഉണ്ടായി. കൊസാവോയോട് ഇത്ര പ്രേമം ഉണ്ടായിരുന്നെങ്കില്‍ പിന്നെന്താണ് ഷക്കീരി അവരുടെ ടീമിലേക്ക് വിളിച്ചപ്പോള്‍ ക്ഷണം നിരസിച്ചതെന്നാണ് സെര്‍ബിയയുടെ ഗോളടിച്ച അലക്സാണ്ടര്‍ മിട്രോവിക്ക് ചോദിച്ചത്. ഫിഫയും യുവേഫയും കൊസാവോയെ അംഗീകരിക്കുന്നതിന് മുമ്പ് അവരെ മത്സരങ്ങളില്‍ കളിക്കാന്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു. സ്വിറ്റ്സര്‍ലന്റിലെ ഫുട്ബോള്‍ താരങ്ങളുടെ കലവറയാക്കി മാറ്റിയിരിക്കുന്നത് രണ്ടു ലക്ഷത്തോളം കൊസാവോ വംശജരാണ്.




