
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള കടുത്ത തയാറെടുപ്പിലാണ് ഏരീസ് കൊല്ലം സെയിലേഴ്‌സ്. കെ.സി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് റെക്കോഡുള്ള ടീമാണ് കൊല്ലം സെയിലേഴ്‌സ്. പ്രഥമ സീസണില്‍ ചാമ്പ്യന്മാരായ കൊല്ലം രണ്ടാം സീസണില്‍ റണ്ണര്‍ അപ്പായി.
അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ഇത്തവണത്തെ നിരയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ പോലെ മാച്ച് വിന്നര്‍മാരുണ്ട്. വത്സല്‍ ഗോവിന്ദാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും കൊല്ലത്തിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബാറ്റിങ് നിര ഇക്കുറിയും ശക്‌തമാണ്.
അഭിഷേക് ജെ. നായര്‍ തന്നെയാണ് ഇക്കുറിയും പ്രതീക്ഷ. അഭിഷേകിനൊപ്പം ആനന്ദ് കൃഷ്‌ണനാകും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. തൃശൂര്‍ ടൈറ്റന്‍സിന്റെ ഭാഗമായിരുന്ന ആനന്ദിനെ 5.20 ലക്ഷം രൂപയ്‌ക്കാണ് സെയിലേഴ്‌സ് ടീമിലെത്തിച്ചത്. എന്‍.എസ.്‌കെ. ട്രോഫിയില്‍ കാസര്‍ഗോഡിനെതിരേ 40 പന്തില്‍ സെഞ്ചുറിയടിച്ചതടക്കം തകര്‍പ്പന്‍ ഫോമിലാണ് ആനന്ദ്. വത്സല്‍ ഗോവിന്ദ്, എം. അജിനാസ്, പ്രീതിഷ് പവന്‍ എന്നിവര്‍ കൂടി ചേരുമ്പോള്‍ ടീം ശക്‌തം. ഷറഫുദ്ദീനാണ് ഓള്‍റൗണ്ടര്‍മാരില്‍ ഏറ്റവും ശ്രദ്ധേയന്‍. പ്രഥമ സീസണിലെ 'പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്റ്' ആയിരുന്ന ഷറഫുദ്ദീന്‍ കഴിഞ്ഞ സീസണിലും മികച്ച പ്രകടനം പുറത്തെടുത്തു.
എസ്. മിഥുന്‍, അര്‍ജുന്‍ വേണുഗോപാല്‍, അഖില്‍ കെ.ജി, ആഷിഖ് മുഹമ്മദ് തുടങ്ങിയവരാണു മറ്റ് ഓള്‍റൗണ്ടര്‍മാര്‍. ഏത് ബാറ്റിങ് നിരയെയും തളയ്‌ക്കാനുള്ള ബൗളിങ് ആക്രമണമാണു കൊല്ലത്തിന്റേത്. പവര്‍പ്ലേകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി എതിരാളികളെ പ്രതിരോധത്തിലാക്കാനും ഡെത്ത് ഓവറുകളില്‍ റണ്‍ നിയന്ത്രിക്കാനും പ്രാപ്‌തിയുള്ള പേസര്‍മാര്‍ ടീമിലുണ്ട്.
രഞ്‌ജിയില്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ചവെച്ച എം.ഡി. നിധീഷ് സെയിലേഴ്‌സിന് വേണ്ടിയാണ് പന്തെറിയുക. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയിലെ രണ്ടാം സ്‌ഥാനക്കാരനായിരുന്ന അമല്‍ എ.ജിയും ഒപ്പമുണ്ട്. പവന്‍ രാജ്, വിജയ് വിശ്വനാഥ്, മോനു കൃഷ്‌ണ എന്നിവരാണ് ബൗളിങ് നിരയിലെ മറ്റ് ശ്രദ്ധേയ സാന്നിധ്യങ്ങള്‍.
കെ.കെ. ജിയാസാണ് പരിശീലകന്‍. ആരോണ്‍ (വീഡിയോ അനലിസ്‌റ്റ്), ഡോ. ആഷ്‌ലി ടോമി (ഫിസിയോ), സഞ്‌ജു സതീഷ് (ഫിറ്റ്‌നസ് ട്രെയിനര്‍), വര്‍ഷ ബി. (കോച്ചിങ് സ്‌റ്റാഫ്), അജീഷ് (ടീം മാനേജര്‍) എന്നിവരടങ്ങുന്നതാണ് സപ്പോര്‍ട്ട് സ്‌റ്റാഫ്. ഡോ. എം പ്രഭിരാജാണ് സി.ഇ.ഒ..
ടീം: വത്സല്‍ ഗോവിന്ദ് (നായകന്‍), അഭിഷേക് ജെ. നായര്‍, പവന്‍ രാജ്, ഷറഫുദ്ദീന്‍, വിജയ് വിശ്വനാഥ്, അജിനാസ് എം., ആനന്ദ് കൃഷ്‌ണന്‍, നിധീഷ് എം.ഡി., മുഹമ്മദ് ഇഷാഖ് പി., അര്‍ജുന്‍ വേണുഗോപാല്‍, അമല്‍ രമേഷ്, സച്ചിന്‍ പി.എസ്., അഖില്‍ കെ.ജി., ആഷിഖ് മുഹമ്മദ്, അമല്‍ എ.ജി., മോനു കൃഷ്‌ണ, മിഥുന്‍ എസ്., പ്രീതിഷ് പവന്‍, അരുണ്‍ പൗലോസ്.




Comments