
മെദീര: പോര്‍ചുഗലിന്റെ സൂപ്പര്‍ ഫുട്‌ബോളര്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും കാമുകി ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി. തലസ്‌ഥാനമായ ലിസ്‌ബണിനു പടിഞ്ഞാറുള്ള കാസ്‌കായിസില്‍ വച്ചായിരുന്നു വിവാഹം.
അവരുടെ അഞ്ച് മക്കളും അടുത്ത ബന്ധുക്കളും മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. പത്ത് വര്‍ഷത്തെ പ്രണയ ബന്ധം പൂര്‍ണതയിലെത്തിയെന്നു ക്രിസ്‌റ്റ്യാനോയും ജോര്‍ജിനയും ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. ബ്രൂണ്‍സ്‌വിക് എന്ന പി.ആര്‍. ഏജന്‍സിയാണു വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. സ്‌പാനിഷ് തലസ്‌ഥാനമായ മാഡ്രിഡില്‍ വച്ചാണു ക്രിസ്‌റ്റ്യാനോയും ജോര്‍ജിനയും കണ്ടുമുട്ടുന്നത്. ഈ മാസം എട്ടിന് ജന്മനാടായ മെദീരയിലെ ഫിന്‍ചാല്‍ കത്തീഡ്രലിലാണു വിവാഹമെന്നായിരുന്നു നേരത്തെ പുറത്തുവന്നത്. താരത്തിന്റെ സഹോദരിമാര്‍ ഇത് നിഷേധിച്ചു. 2016 ല്‍ ഒരു സ്‌റ്റോറില്‍ വച്ചാണു ജോര്‍ജിനയെ ആദ്യമായി കണ്ടുമുട്ടുന്നതെന്നു ക്രിസ്‌റ്റ്യാനോ മുമ്പ് പറഞ്ഞിരുന്നു. സ്‌റ്റോറിലെ സെയില്‍സ് അസിസ്‌റ്റന്റായിരുന്നു ജോര്‍ജിന. 2017 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ഫിഫയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ബന്ധം പരസ്യമായി. ലോകകപ്പിനു പിന്നാലെയാണു 41 വയസുകാരനായ ക്രിസ്‌റ്റ്യാനോ വിവാഹിതനാകുന്ന വാര്‍ത്ത വന്നത്. 2025 ഓഗസ്‌റ്റില്‍ വിവാഹ നിശ്‌ചയം നടന്നിരുന്നു. ക്രിസ്‌റ്റ്യാനോയുടെ അഞ്ച് മക്കളില്‍ നാലു പേര്‍ ജോര്‍ജിനയുമായുള്ള ബന്ധത്തിലുള്ളവരാണ്. 2010 ലാണ് മൂത്തമകന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍ ജനിക്കുന്നത്. റൊണാള്‍ഡോ ജൂനിയറിന്റെ മാതാവ് ആരെന്ന കാര്യം രഹസ്യമാണ്. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം വാടക ഗര്‍ഭപാത്രത്തിലൂടെ ഇവ മരിയ, മതിയോ റൊണാള്‍ഡോ എന്നീ ഇരട്ടക്കുട്ടികള്‍ ജനിച്ചു. ജോര്‍ജീനയുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളാണ് അലന മാര്‍ട്ടിനയും ബെല്ല എസ്‌മെറാള്‍ഡയും. ബെല്ലയുടെ ഇരട്ട സഹോദരന്‍ എയ്‌ഞ്ചല്‍ പ്രസവ സമയത്ത് മരിച്ചത് താര ദമ്പതികള്‍ക്കു കനത്ത ആഘാതമായി. 32 വയസുകാരിയായ ജോര്‍ജിനയാണു കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നത്. സൗദി ്ര്രേപാ ലീഗ് ക്ലബ് അല്‍ നസറിന്റെ താരമാണു ക്രിസ്‌റ്റ്യാനോ.




Comments