
സൗദി : ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി വനിതകള്‍ തങ്ങളുടെ വാഹനങ്ങളില്‍ സൗദിയിലെ നിരത്തുകള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. കാറുകളില്‍ ഉറക്കെ പാട്ടു വച്ചും ലൈറ്റുകള്‍ മിന്നിച്ചും അവര്‍ തങ്ങളുടെ ആദ്യ യാത്ര ആഘോഷമാക്കി. ഓരോ വഴികളിലും ആശംസാ പൂച്ചെണ്ടുകളുമായി ട്രാഫിക് പോലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും കാത്തു നിന്നു.
എന്നാല്‍, ലക്ഷക്കണക്കിന് സ്ത്രീകള്‍ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനായി പോരാടിയ ധീര വനിതകളില്‍ ചിലര്‍ ഇപ്പോഴും ജയിലറകളിലാണെന്നതാണ് വിരോധാഭാസം. അധികാര കസേരകളെ വിറപ്പിച്ച് ടുനീഷ്യയില്‍ നിന്നാരംഭിച്ച മുല്ലപ്പൂ വിപ്ലവം ശക്തമായ 2011 ലാണ് മനാല്‍ മോസൂല്‍ അല്‍ ഷെറീഫ് എന്ന മുപ്പത്തിരണ്ടുകാരി സ്വയം കാറോടിച്ച് സൗദിയിലെ റോഡിലെത്തിയത്. അറബ് വസന്തം എന്നറിയപ്പെട്ട അവകാശ പോരാട്ടങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് മനാല്‍ മോസൂലിന്റെ സമരയോട്ടം സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
സുഹൃത്ത് വജേഹ അല്‍ ഹുവൈദറിന്റെ സഹായത്തോടെ ചിത്രീകരിച്ച് യുട്യൂബിലും ഫേസ്ബുക്കിലുമിട്ട വണ്ടി ഓടിക്കുന്ന വീഡിയോ വൈറലായതോടെ സൗദിയിലെ മതകാര്യപോലീസ് അവരെ അറസ്റ്റുചെയ്തു. ഒമ്പത് ദിവസം തടവിലായ മനാലിനെ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.
അറസ്റ്റ് ചെയ്യപ്പെടുമെന്ന ഉത്തമബോധ്യത്തോടെയാണ് ഭര്‍ത്താവിനെ അരികിലിരുത്തി ലുജെയിന്‍ ഹല്തോള് എന്ന യുവതി സൗദിയിലെ റോഡിലൂടെ തന്റെ വാഹനമോടിച്ചത്. അറസ്റ്റിലായി ജാമ്യം ലഭിച്ച ലുജെയ്ന്‍ പിന്നെയും നിരവധിതവണ ഇതേ കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലാവുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്തു. സൗദിയുടെ അതിര്‍ത്തി കടക്കുന്നതിനുള്ള അംഗീകൃത അന്താരാഷ്ര്ട ലൈസന്സുണ്ടെന്നിരിക്കെയാണ് ഹത്ലോളിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ ഒമ്പത് സത്രീകളെയാണ് സൗദി പൊലീസ് അറസ്റ്റ് ചെയ്തത്. അവരില്‍ മൂന്നു പേരെ പിന്നീട് വിട്ടയച്ചെങ്കിലും ഹത്ലോള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ജയിലിലാണ്.






