
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത് നടക്കും. പൊലീസ് ആസ്ഥാനത്ത് നടക്കുന്ന യോഗം ആഭ്യന്തര സുരക്ഷയിൽ പുതിയ സഹകരണ മാതൃകയ്ക്ക് തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തിലേക്ക് എത്തുന്ന ലഹരിമരുന്നുകളുടെ ഉറവിടങ്ങൾ കണ്ടെത്തി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്.
രാസലഹരികളും ഹെറോയിനും കേരളത്തിലെത്തുന്ന വിതരണ ശൃംഖല പ്രധാനമായും അയൽസംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളെയും അതിർത്തി പ്രദേശങ്ങളെയും കേന്ദ്രീകരിച്ചാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക പൊലീസ് നടപടികൾക്കൊപ്പം അന്തർസംസ്ഥാന സുരക്ഷാ ഏകോപനത്തിനും സർക്കാർ കൂടുതൽ പ്രാധാന്യം നൽകുകയാണ്. ലഹരി സിൻഡിക്കേറ്റുകളുടെ വേരറുക്കാൻ സംയുക്ത പ്രതിരോധ സംവിധാനത്തിലേക്കാണ് ഓപ്പറേഷൻ തൂഫാൻ കടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തത്സമയ വിവര കൈമാറ്റം ഉറപ്പാക്കുന്ന 'ഇന്റലിജൻസ് സിൻക്രോണിസിറ്റി' സംവിധാനമാണ് കേരളം ലക്ഷ്യമിടുന്നത്. ബംഗളൂരുവിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഓപ്പറേഷൻ തൂഫാനിന് പൂർണ പിന്തുണ ഉറപ്പാക്കിയതായി മന്ത്രി അറിയിച്ചു. തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവയെയും ഈ ശൃംഖലയുടെ ഭാഗമാക്കുന്നതിലൂടെ ലഹരിക്കടത്തിന്റെ സാമ്പത്തിക ഇടപാടുകളും വിതരണ സംവിധാനവും കൂടുതൽ ഫലപ്രദമായി കണ്ടെത്താനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






