
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ റെയിൽവേ അടിയന്തരമായി ഉന്നതതല അന്വേഷണം നടത്തണമെന്ന് എം.പി എം.കെ. രാഘവൻ ആവശ്യപ്പെട്ടു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് സ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ക്ലോക്ക് ടവർ തകർന്നുവീണതെന്നും, വലിയൊരു ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ലോക്ക് ടവറിന് സമീപം നടന്ന പൈലിംഗ് പ്രവൃത്തികൾ പഴക്കമേറിയ ഈ പൈതൃക നിർമിതിയുടെ ഘടനാ സ്ഥിരതയെ ബാധിച്ചോയെന്ന് റെയിൽവേ വ്യക്തമാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി നടത്തിയ പൈലിംഗ് ജോലികൾ സമീപ നിർമിതികൾക്ക് കേടുപാടുകൾ വരാതിരിക്കാൻ കരാർ കമ്പനി സ്വീകരിച്ച മുൻകരുതലുകളും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൈതൃക കെട്ടിടത്തിന് സമീപം ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കാതെ നിർമാണം നടത്തിയതിൽ ഗുരുതരമായ അനാസ്ഥയുണ്ടെന്ന് എം.കെ. രാഘവൻ ആരോപിച്ചു. ആവശ്യത്തിന് ജീവനക്കാരെയും സാമഗ്രികളെയും വിന്യസിക്കാത്തതും, ഉപകരാർ ഏറ്റെടുത്ത കമ്പനിക്ക് നിർമാണച്ചെലവ് സമയബന്ധിതമായി കൈമാറാത്തതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






