
തിരുവനന്തപുരം: ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ ആഞ്ഞടിച്ച് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിനു പിന്നാലെ 'അമ്മ'യില്‍ നിന്നും നടിമാര്‍ കൂട്ടരാജി വെച്ച സാഹചര്യത്തിലാണ് ലിബര്‍ട്ടി ബഷീര്‍ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
മോഹന്‍ ലാല്‍ അമ്മയുടെ പ്രസിഡന്റായ സമയത്ത് ഈ തീരുമാനം എടുക്കരുതായിരുന്നു. സംഘടനയില്‍ പിളര്പ്പുണ്ടാകാതിരിക്കാന് നിര്‍ബന്ധിച്ച് ഏല്‍പ്പിച്ചതാണ് മോഹന്‍ലാലിനെ ഈ പദവി. ഈ സമയത്ത് തന്നെ അമ്മയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ വേദനയുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
ഹൈക്കോടതി പ്രഥമദൃഷ്ടിയാല്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് പറയുമ്പോള്‍, താരത്തെ തിരിച്ചെടുക്കാന്‍ ഉണ്ടായ സാഹചര്യം എന്താണെന്നും ബഷീര്‍ ചോദിച്ചു. കോടതിയില്‍ ഇനി ദിലീപിന് തന്നെ അമ്മ കുറ്റ വിമുക്തനാക്കി എന്നത് ന്യായവാദമായി ഉന്നയിക്കാന്‍ സാധിക്കും.നടിമാര്‍ അമ്മയുടെ വേദിയില്‍ അഭിപ്രായം പറയാഞ്ഞത് കൂവല്‍ കേട്ട് പുറത്ത് വരേണ്ടി വരും എന്നുള്ളത് കൊണ്ടാണ്. പെണ്‍കുട്ടികളല്ലേ അവര്‍, അവര്ക്കതറിയാം. ബഷീര്‍ പറഞ്ഞു.






