
അയോധ്യ: രാമക്ഷേത്രത്തിലെ കാണിക്കപ്പണത്തില്‍ ഏറ്റവും വലിയ കൊള്ള നടന്നത് കഴിഞ്ഞ വര്‍ഷത്തെ മഹാകുംഭമേളയുടെ സമയത്തെന്ന് അയോധ്യ പോലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ എട്ട് പ്രതികളില്‍ ചിലര്‍ നേരത്തെയും ചെറിയതോതില്‍ മോഷണങ്ങള്‍ നടത്തിയിരുന്നു.
കുംഭമേള നടക്കുമ്പോള്‍ ക്ഷേത്രത്തിലെ വഴിപാടുകളിലും സംഭാവനകളിലും വന്‍ വര്‍ധനയുണ്ടായി. പ്രതികള്‍ ഈ അവസരം മുതലെടുത്ത് വലിയ മോഷണം നടത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. അവിനാഷ് ശുക്ല, അനുകല്‍പ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാര്‍ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കര്‍ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാംശങ്കര്‍ യാദവ് (ടിന്നു യാദവ്) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. എട്ടു പ്രതികളും ഗൂഢാലോചനയില്‍ പങ്കാളികളാണെന്നു പോലീസ് പറഞ്ഞു.
ഏറ്റവും കൂടുതല്‍ പണം കവര്‍ന്നത് അളിയന്മാരായ അനുകല്‍പ് മിശ്രയും ലവ്കുഷ് മിശ്രയും ചേര്‍ന്നാണ്. ഈ പണം ഉപയോഗിച്ച് ഇരുവരും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി. ഇവരുമായി ബന്ധമുള്ള അരഡസനിലധികം സ്വത്തുക്കള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും സ്വത്തുക്കളും പരിശോധിക്കാന്‍ അയോധ്യ പോലീസ് ആദായനികുതി വകുപ്പിന്റെ സഹായം തേടുന്നുണ്ട്. പണത്തിന്റെ ഉറവിടവും സാമ്പത്തിക ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ അയോധ്യ പോലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നും കത്തെഴുതും.
സംഭവത്തില്‍ എസ്.ബി.ഐ. ജീവനക്കാരുടെ പങ്കും പരിശോധിക്കും. ക്ഷേത്രത്തില്‍ ലഭിക്കുന്ന പണം എണ്ണാന്‍ എസ്.ബി.ഐക്കാണു ചുമതല. ഇതിനായി ബാങ്ക് സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടുണ്ട്. നാല് കാണിക്ക വഞ്ചികളിലെ പണം, 11 ബാങ്ക് ജീവനക്കാരും ക്ഷേത്ര ട്രസ്റ്റിലെ മൂന്ന് പേരും ഉള്‍പ്പെടെ 14 പേരടങ്ങുന്ന സംഘമാണ് എണ്ണുന്നത്.
അവിനാഷ് ശുക്ലയുടെ കൗശല്‍പുരിയിലുള്ള ഒളിത്താവളത്തില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം കണ്ടെടുത്തത്. നാല് പെട്ടികളിലായി പുതപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. അവിനാഷ് ശുക്ലയുടെ സഹോദരന്‍ അഭിഷേകുമായി ബന്ധമുള്ള യോഗാ കേന്ദ്രമാണ് ഈ സ്ഥലം. ജൂണ്‍ അഞ്ചിനാണ് ഇവിടെ റെയ്ഡ് നടത്തി പണം കണ്ടെടുത്തത്. ഒരു പെട്ടിയില്‍ 'രാമരാജ്യ കോഷ്' (രാമരാജ്യ ഭണ്ഡാരം) എന്നെഴുതിയിരുന്നു.
മൂന്ന് ദിവസം മുമ്പ് പോലീസ് എല്ലാ പ്രതികളുടെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് മുന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവര്‍ കൂടിയായ ടിന്നു യാദവിന്റെ വീട്ടില്‍നിന്ന് പണം കണ്ടെടുത്തത്. ക്ഷേത്രത്തിലെ പണം എണ്ണുന്ന മുറിയുടെ ഒരു താക്കോല്‍ ടിന്നു യാദവിന്റെ കൈവശവും രണ്ടാമത്തെ താക്കോല്‍ ബാങ്ക് ജീവനക്കാരുടെ പക്കലുമായിരുന്നെന്നു പോലീസ് കണ്ടെത്തി. ബാങ്ക് ജീവനക്കാരുമായി ഒത്തുകളിച്ചാണ് പണം തട്ടിയെടുത്തതെന്നും മോഷ്ടിച്ച പണം ടിന്നു യാദവും ബാങ്ക് ജീവനക്കാരും പങ്കിട്ടെടുക്കുകയായിരുന്നെന്നും സൂചനയുണ്ട്.
പ്രതികളുടെ വീടുകളില്‍നിന്ന് ബാങ്ക് വിവരങ്ങളും സ്ഥാവര-ജംഗമ സ്വത്തുക്കളുടെ രേഖകളും ശേഖരിച്ചിട്ടുണ്ട്. വരുമാനത്തേക്കാള്‍ വളരെ ഉയര്‍ന്ന തുകയുടെ ഇടപാടുകള്‍ നടന്നതായാണ് ഇവരുടെ ബാങ്ക് അക്കൗണ്ട് രേഖകളില്‍നിന്നു വ്യക്തമായത്. പ്രതിയായ അവിനാഷ് ശുക്ല നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും ഉയര്‍ന്ന തുകയായ 89 ലക്ഷം രൂപ കണ്ടെടുത്തത്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ട്രസ്റ്റ് സ്വന്തം നിലയില്‍ ഈ പണം വീണ്ടെടുത്തിരുന്നെന്നും പോലീസ് പറഞ്ഞു.






