
ന്യൂഡല്‍ഹി: ജീവിക്കാനുള്ള സ്വാതന്ത്യ്രത്തോളം പ്രധാനപ്പെട്ടതാണു മതസ്വാതന്ത്ര്യമെന്ന് നിക്കി ഹാലെ. ഡല്‍ഹിയില്‍ മുഗള്‍ ചക്രവര്‍ത്തി ഹുമയൂണിന്റെ ശവകൂടീരം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു നിക്കി.
ഇന്ത്യയിലെ ജനങ്ങള്‍ സംസ്കാരത്തിന് എത്രത്തോളം മൂല്യം നല്‍കുന്നുണ്ടെന്നതിന്റെ തെളിവാണു ഹുമയൂണിന്റെ ശവകുടീരങ്ങള്‍ പോലുള്ളവ. സൈനിക, തീവ്രവാദ വിരുദ്ധ മേഖലകള്പ്പെടെ ഒട്ടേറെ കാര്യങ്ങളില്‍ കൈകോര്‍ക്കാനുള്ള അവസരങ്ങളാണ് ഇന്ത്യയ്ക്കും യുഎസിനും ഇടയിലുള്ളത്. തന്റെ സന്ദര്‍ശനം അത് ഊട്ടിയുറപ്പിക്കാനാണെന്നും നിക്കി അഭിപ്രായപ്പെട്ടു.
ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യുഎസും തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ സമാനതയുണ്ട്. ഊഷ്മളമായ ബന്ധം തുടരാന്‍ സഹായിക്കുന്ന ഘടകവും അതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ കാര്യങ്ങളില്‍ ഒന്നിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ നിക്കി ഹാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യവസായികളുമായി ചര്‍ച്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.






