
തിരുവനന്തപുരം: സംസ്ഥാനത്ത് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ വച്ചാണ് ഇക്കാര്യം ഷൈലജ മാധ്യമങ്ങളോട് പറഞ്ഞത്. എയിംസ് സ്ഥാപിക്കുന്ന വിശദമായി പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്കി.
സംസ്ഥാനത്ത് നാലിടങ്ങളിലാണ് എയിംസ് സ്ഥാപിക്കുന്നതിന് കണ്ടെത്തിയിരിക്കുന്നത്. അതില്‍ കോഴിക്കോടാണ് കേരളം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനായി 200 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഷൈലജ പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലവില്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അടുത്തഘട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന് ഇപ്പോള്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. അത്യാധുനിക ആരോഗ്യ സംരക്ഷണകേന്ദ്രം സംസ്ഥാനത്ത് സജ്ജമാകേണ്ടതിന്റെ അനിവാര്യതയാണ് നിപ വൈറസ് ബാധയിലൂടെ തെളിഞ്ഞതെന്ന് നീതി ആയോഗ് ഭരണസമിതിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാണിച്ചിരുന്നു. എയിംസ് ഇല്ലാത്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിപ വൈറസ് ബാധ പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള ഗവേഷണസംവിധാനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ ലഭിച്ചതായി ഷൈലജ മാധ്യമങ്ങളോട് പറഞ്ഞു.






