ശ്രീനഗര്‍: ജമ്മുകശ്മീരില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയ സാധ്യത കണക്കിലെടുത്ത് അമര്‍നാഥ് യാത്ര റദ്ദ് ചെയ്തു. നേരത്തെ, ശക്തമായ മഴയെത്തുടര്‍ന്ന് കഴിഞ്ഞദിവസം ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്രയും റദ്ദാക്കിയിരുന്നു.
തീര്‍ത്ഥയാത്രക്കുള്ള രണ്ട് ബേസ് ക്യാമ്പുകളിലൊന്നായ പഹല്‍ഗാമില്‍ 27.8 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം എല്ലാ തീര്‍ഥാടകരും രണ്ടു ബേസ് ക്യാമ്പുകളിലും സുരക്ഷിതമായി എത്തിച്ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു.
ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ഝലം നദിയിലെ ജലനിരപ്പ് 21 അടിയിലും മുകളിലേക്ക് അപകടകരമാം വിധം ഉയര്‍ന്നിരിക്കുകയാണ്. തീരങ്ങളിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതസമിതി ശ്രീനഗറില്‍ യോഗം ചേര്‍ന്നു. താഴ്വാരങ്ങളില് താമസിപ്പിക്കുന്നവരെ അടിയന്തിര ഘട്ടത്തില്‍ ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്.






