
ന്യൂഡല്‍ഹി: മാനസസരോവര്‍ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് കാലാവസ്ഥ ശക്തമായ തിരിച്ചടിയാകുന്നു. നേപ്പാള്‍ഗഞ്ച്, സിമിക്കോട്ട്, ഹില്‍സാ മേഖലകളിലായി മലയാളികളായ 100 പേര് ഉള്‍പ്പെടെ 1,500 പേരാണ് കുടുങ്ങി കിടക്കുന്നത്. മോശമായ കാലാവസ്ഥ ഇവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. മാനസസരോവറിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ കാലാവസ്ഥ വീണ്ടും മോശമായതോടെ ഇവരെ വിമാനത്തില്‍ ഒഴിപ്പിക്കാനുള്ള നീക്കവും ദുരിതത്തിലാക്കി.
കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സിമികോട്ടില്‍ 525 പേരും ഹില്‍സയില്‍ 550 പേരും ടിബറ്റില്‍ 500 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യന്‍ എംബസി നേപ്പാള്‍ഗഞ്ച്, സിമിക്കോട്ട് എന്നിവിടങ്ങളിലേക്ക് പ്രതിനിധികളെ അയച്ചിട്ടുണ്ട്. ഇവര്‍ കുടുങ്ങിക്കിടക്കുന്ന തീര്‍ത്ഥാടകരുമായി നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ഭക്ഷണവും വിശ്രമകേന്ദ്രവും ഉറപ്പാക്കാനുള്ള നീക്കത്തിലാണ് പ്രതിനിധികള്‍. നേപ്പാളിലും ഭൂട്ടാനിലും വൈദ്യസഹായം പ്രാഥമിക സൗകരങ്ങള്‍ എന്നിവയുടെ അപര്യാപ്തത മൂലം അക്കാര്യം ഉറപ്പാക്കി തീര്‍ത്ഥാടകരെ മടക്കിക്കൊണ്ടുവരാനുള്ള എല്ലാത്തരം ശ്രമങ്ങളും ഉണ്ടാകണമെന്ന് ടൂര്‍ ഓപ്പററ്റേര്മാര്ക്ക് എംബസി നിര്‍ദേശം നല്കി.
സിമിക്കോട്ടില്‍ നിന്നും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ കഴിയാവുന്ന പകരം സംവിധാനമെല്ലാം എംബസിനോക്കുന്നുണ്ട്. സിമിക്കോട്ട്-സുര്‍ഖേത്, സിമിക്കോട്ട്-ജുംലാ തുടങ്ങിയ റൂട്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നും നോക്കുന്നുണ്ട്. അതേസമയം സിമിക്കോട്ട് നേപ്പാള്‍ഗഞ്ച് പാതയേക്കാള്‍ ദുഷ്ക്കരമാണ് ഈ പാത. ഇതിനൊപ്പം ദുഷ്ക്കരമായ കാലാവസ്ഥയില്‍ പോലും ഉപയോഗിക്കാന്‍ കഴിയുന്ന നേപ്പാളിന്റെ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നും നോക്കുന്നുണ്ട്്. കൂട്ടത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ കഴിയുന്ന തമിഴ്, തെലുങ്ക്, മലയാളം ഭാഷയിലുള്ള സ്റ്റാഫുകളെ ഉപയോഗിച്ചുള്ള ഹോട്ടലൈനും സ്ഥാപിച്ചിട്ടുണ്ട്.






