
തൃശൂര്‍: അഞ്ചാം നിലയിലെ ഫ്ലാറ്റില്‍ നിന്നും വീണ് നാല് വയസുകാരിയായ ദക്ഷ പ്രദീപ് മരണപ്പെട്ട സംഭവം പ്രവാസി മലയാളി സമൂഹത്തില്‍ ഉണ്ടാക്കിയത് ഞെട്ടലും ദു:ഖവും. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ പ്രദീപ്-ദിവ്യ ദമ്പതികളുടെ ഏക മകളാ ദക്ഷയാണ് മസ്കത്തിനടുത്ത് റുസൈലില്‍ ഏവരെയും കണ്ണീരിലാഴ്ത്തി അപകടത്തില്‍പെട്ട് മരണത്തിന് കീഴടങ്ങിയത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അടുത്തിടെ മാത്രം സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയതായിരുന്നു ദക്ഷയും മാതാവ് ദിവ്യയും. ഫ്ലാറ്റിന് സമീപത്തെ സൂപ്പര്‍മാര്‍ക്കറ്റിലാണ് പ്രദീപ് ജോലി ചെയ്യുന്നത്. മകള്‍ ഉറങ്ങുന്ന സമയം നോക്കി ദിവ്യ പ്രദീപിന് അടുത്തേക്ക് പോയപ്പോള്‍ ആയിരിക്കാം അപകടം. ജനലിലൂടെ പുറത്തേക്ക് നോക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരിക്കാം കുഞ്ഞ് അപകടത്തില്‍പ്പെട്ടതെന്നാണ് കരുതുന്നത്.
പിതാവിനരികിലേക്ക് മാതാവ് പോയ പിന്നാലെ കുട്ടി ഉറക്കത്തില്‍ നിന്നും ഉണരുകയും അമ്മയെ കാണാതെ പരിഭ്രാന്തയാകുകയും കാണാന്‍ വേണ്ടി ജനലിലൂടെ നോക്കിയിരിക്കാമെന്നുമാണ് കരുതുന്നത്. വൈഫൈ കണക്ഷന് കേബിള്‍ കടത്തിവിടാനായി ജനലിലെ വലയില്‍ ചെറിയൊരു ദ്വാരം ഉണ്ടാക്കിയിരുന്നു. ഈ വിടവിലൂടെ കുട്ടി അബദ്ധത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മാര്‍ച്ച് 23-നായിരുന്നു ദക്ഷയുടെ നാലാം ജന്മദിനം. ആ ആഘോഷങ്ങളുടെയും സന്തോഷങ്ങളുടെയും റീല്‍സ് പ്രവാസ ലോകത്തിന്റെ മനസ്സില്‍ നിന്നും മായും മുന്‍പേയാണ് ഈ പിഞ്ചുകുഞ്ഞ് ഓര്‍മ്മയാകുന്നത്. ഒമാന്‍ പോലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ അവസാനിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.






