
മോസ്കോ: റഷ്യന്‍ ലോകകപ്പ് കൂടുതല്‍ ഉദ്വേഗജനകമാകുകയാണ്. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കു ശേഷം എട്ട് ടീമുകളായി കാല്‍പ്പന്ത് ആവേശം ചുരുങ്ങി. ഇനി ആ ആവേശം നാലിലേക്ക് ചുരുങ്ങാന്‍ ആവേശകരമായ പോരാട്ടം നാളെ തുടങ്ങും.
ലോകകപ്പില്‍ ആദ്യമായി 'വാര്'(വീഡിയോ അസിസ്റ്റന്റ് റിവ്യൂ)ന്റെ സഹായം തേടിയതും, അട്ടിമറി വിജയങ്ങളും, വമ്പന്മാര്ക്ക് കാലിടറിയതും എല്ലാം റഷ്യന്‍ ലോകകപ്പിനെ വേറിട്ടതാക്കി. എല്ലാത്തിനുമപ്പുറം ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് നെയ്മറിസം ആണ്. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിനെ എതിര്‍ടീമുകള്‍ മാര്‍ക്ക് ചെയ്യുമെന്ന് വ്യക്തം. എന്നിരുന്നാലും ചെറിയ പിഴവിനു പോലും വന്‍ വേദന കാണിച്ച് മൈതാനത്ത് കിടന്നുരുളുന്ന പിഎസ്ജി താരത്തെയാണ് ആരാധകര്‍ കാണുന്നത്. കോസ്റ്റാറിക്കയമായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പെനാല്‍റ്റി ബോക്സില്‍ കിടന്നുരുണ്ട നെയ്മറിനെ കണ്ട് റഫറി പെനാല്‍റ്റി വിളിച്ചു. എന്നാല്‍ ഫൗള്‍ വ്യക്തമാകാന്‍ വാറിന്റെ സഹായം തേടിയപ്പോഴാണ് റഫറിക്കു പുറകേ ആരാധകരും മൂക്കത്ത് വിരല്‍ വെച്ചത്. അഭിനയം. ഇതു നെയ്മറിസം അല്ലാതെ എന്ത്. എന്നുപോലും ഫുട്ബോള്‍ ആരാധകര്‍ ചോദിച്ചുപോകും.






