
മോസ്കോ: ചെറുപ്പത്തിന്റെ കരുത്തില്‍ ആഞ്ഞടിക്കുന്ന ഫ്രാന്‍സും പ്രതിരോധക്കരുത്തിലും മുന്നേറ്റത്തിലും മികവുപുലര്‍ത്തി ഉറച്ചു നില്ക്കുന്ന യുറുഗ്വേയും ആദ്യ ക്വാര്‍ട്ടറില്‍ മത്സരിക്കുമ്പോള്‍ ഫലപ്രവചനം അസാധ്യമാകുന്നു. രണ്ടുലോക ചാമ്പ്യന്മാരില് ഒന്നു പുറത്താക്കുന്ന ഇന്നത്തെ പേരാട്ടം പരിചയസമ്പത്തും യുവത്വവും തമ്മിലുള്ള ഏറ്റുമുട്ടലും കൂടിയാണ്.
ലോകകപ്പില്‍ അവസാന നാലില്‍ ഇടംപിടിക്കാന്‍ ഇറങ്ങുന്ന യുറുഗ്വേയ്ക്ക് പടനായകരെ നഷ്ടപ്പെട്ട അവവസ്ഥയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പറഞ്ഞുവിട്ട എണ്ണം പറഞ്ഞ രണ്ടുഗോള്‍ കുറിച്ച എഡിസന് കവാനിയുടെയും ഗ്രൂപ്പ് ഘട്ടത്തില്‍ നിര്‍ണായക ഗോളുകള്‍ നേടിയ ലൂയി സുവാരസിന്റെയും പരുക്കുകളാണു യുറുഗ്വായ്ക്കു തിരിച്ചടി. കവാനിക്കു പകരം സ്റ്റ്യുവാനിയാണ് ആദ്യ ഇലവനില്‍ ഇടംപിടിച്ചിരിക്കുന്നത്.
ഇതുവരെ കളിച്ച നാലുമത്സരങ്ങളും ജയിച്ച രണ്ടുടീമുകള്‍ മാത്രമാണു റഷ്യയില്‍ അവശേഷിക്കുന്നത്. യുറുഗ്വേയും ബെല്‍ജിയവും. അതില്‍ ഏറ്റവും ഒത്തിണക്കവും സ്ഥിരതയും കാട്ടിയ ടീമേതാണെന്നു ചോദിച്ചാല്‍ യുറുഗ്വേയാണെന്നു പറയേണ്ടിവരും. ഇതുവരെ ഏഴുഗോളുകള്‍ നേടിയ യുറുഗ്വേ വഴങ്ങിയത് ഒരു ഗോള്‍ മാത്രം. ഗോള്‍ നേടുന്ന മുന്നേറ്റനിരയും ഏതാക്രമണത്തേയും ചെറുക്കാന്‍ പോന്ന പ്രതിരോധം. എല്ലാത്തിനും മീതെ ടീമംഗങ്ങള്‍ തമ്മിലുള്ള ഒത്തിണക്കം. കിരീടപ്രതീക്ഷയുമായി ഇറങ്ങുന്ന ഫ്രാന്‍സിന്റെ യുവനിരയുടെ സ്ഥിരതയില്ലാത്ത പ്രകടനം യുറുഗ്വായ്ക്കു പ്രതീക്ഷ നല്കുന്നു. എതിരാളികളുടെ ദൗര്‍ബല്യത്തേക്കാള്‍ സ്വന്തം കരുത്തിനെ വിശ്വസിക്കാനായിരിക്കും യുറുഗ്വേ ഇഷ്ടപ്പെടുക.
ഗ്രൂപ്പുഘട്ടത്തില്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ച ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍
അര്‍ജന്റീനയ്ക്കെതിരേ ഗോളുകള്‍ കണ്ടെത്തിയിരുന്നു. കെലിയന്‍ എംബപ്പെയുടെ മുന്നേറ്റങ്ങളായിരുന്നു അവരുടെ കരുത്ത്. എന്നാല്‍ അര്‍ജന്റീനിയന്‍ പ്രതിരോധം അനുവദിച്ചതുപോലുള്ള സ്വാതന്ത്ര്യം നായകന് ഡീഗോ ഗോഡിന് നയിക്കുന്ന പ്രതിരോധം അനുവദിക്കില്ലെന്ന് ഉറപ്പ്. പോള്‍ പോഗ്ബയും ഗ്രീന്‍സ്മാനും നയിക്കുന്ന മധ്യനിരയും എംബെപ്പയും ഒലിവര്‍ ഗീറൂഡും നയിക്കുന്ന മുന്നേറ്റവും ഏതു പ്രതിരോധത്തിനും ഭീഷണിയാണ്. മൂന്നുഗോളുകള്‍ കുറിച്ച എംബെപ്പയുടെ വേഗം തന്നെയാണ് യുറുഗ്വേയ്ക്കു ഭീഷണി. പ്രവചനക്കാര്‍ 10/7 എന്ന സാധ്യത യുറുഗ്വേയ്ക്ക് കല്പ്പിക്കുമ്പോള് അതു ഫ്രാന്‍സിനുള്ള മുന്നറിയിപ്പു കുടിയാണത്.
ഇരുടീമുകളും ലോകകപ്പില്‍ രണ്ടുതവണയാണു പരസ്പരം ഏറ്റുമുട്ടിയത്. ഒരുതവണ യുറുഗ്വേ വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയിലായി.
442 എന്ന ഫോര്‍മേഷനിലായിരിക്കും കോച്ച് ഓസ്കാര്‍ ടബരേസ് ടീമിനെ ഇറക്കുക. കവാനിയുടെ പരിക്ക് ടീം ഫോര്‍മേഷനില്‍ മാറ്റംവരുത്താന്‍ കാരണമായേക്കാം. കവാനിയില്ലെങ്കില് മുന്നേറ്റത്തില്‍ സുവാരസിനൊപ്പം ക്രിസ്റ്റിയന്‍ സ്റ്റോണി ഇറങ്ങും. ആദ്യം മുന്നിലെത്തുക എന്ന തന്ത്രമാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ് സ്വീകരിക്കുന്നത്. ആദ്യം യുറുഗ്വേ മുന്നിലെത്തിയാല്‍ ഫ്രാന്‍സിന്റെ മുന്നേറ്റം കഠിനമായിരിക്കും. സസ്പെന്ഷന് മുലം പുറത്തിരിക്കുന്ന ബ്ലെയ്സ് മറ്റിയൂഡിക്കു പകരം ആരിറങ്ങുമെന്നു ദെഷാംപ്സ് വെളിപ്പെടുത്തിയിട്ടില്ല.






