
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരങ്ങളിലൊരാളായ ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സ് വിടുന്നു. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹ്യൂം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ അല്പസമയത്തിനകം തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് ഹ്യൂം പിന്‍വലിച്ചതും ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. ഇതോടെയാണ് ഹ്യൂം ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു തുടങ്ങിയത്.
ഐഎസ്എല്‍ നാലു സീസണ് പിന്നിടുമ്പോള്‍ ആദ്യ സീസണിലും ഇക്കഴിഞ്ഞ നാലാം സീസണിലും കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടിയാണ് ഹ്യൂം ബൂട്ടണിഞ്ഞത്. മുപ്പത്തിമൂന്നുകാരനായ ഹ്യൂമാണ് ഐഎസ്എല്‍ സീസണിലെ ടോപ്പ്സ്കോറര്‍. നാലു സീസണുകളിലായി 28 ഗോളാണ് ഹ്യൂമിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഇതില്‍ 10 ഗോളുകളും കേരളത്തിനു വേണ്ടിയാണ്.
ആദ്യ സീസണില്‍ മികച്ച താരത്തിനുള്ള പുരസ്കാരം, രണ്ടാം സീസണില്‍ ഫിറ്റെസ്റ്റ് താരം, ഗോള്‍ഡന്‍ ബൂട്ട് റണ്ണറപ്പ് എന്നീ നേട്ടവും ഹ്യൂം സ്വന്തമാക്കി. ആദ്യ സീസണില്‍ മികച്ച പ്രകടനം മഞ്ഞപ്പടയ്ക്കായി പുറത്തെടുത്തിട്ടും രണ്ടാം സീസണില്‍ ടീമില്‍ നിലനിര്‍ത്താഞ്ഞത് ആരാധകരില്‍ നിന്ന് ഉള്‍പ്പെടെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ നാലാം സീസണിലാണ് ഹ്യൂം മഞ്ഞപ്പടയിലേക്ക് തിരികെ എത്തിയത്. മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറിയ ഹ്യൂം പരിക്കിന്റെ പിടിയിലായതോടെ അവസാനത്തെ നിര്‍ണ്ണായക മത്സരങ്ങള്‍ നഷ്ടമായിരുന്നു.